സ്ത്രീകൾക്ക് ഇനി സൌജന്യമായി യാത്ര; കെഎസ്ആർടിസിയിൽ ജൂൺ 15 മുതൽ 'പ്രിയദർശിനി' പദ്ധതി: വിതരണം ചെയ്യുക 'സീറോ ടിക്കറ്റുകൾ'
തിരുവനന്തപുരം: കേരളത്തിലെ പൊതുഗതാഗത രംഗത്ത് സ്ത്രീ ശാക്തീകരണത്തിന് പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുമായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി' തിങ്കളാഴ്ച (ജൂൺ 15) മുതൽ നിലവിൽ വരും. തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിൽ വെച്ച് തിങ്കളാഴ്ച രാവിലെ 8.30-ന് മുഖ്യമന്ത്രി വി. ഡി. സതീശൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ഉദ്ഘാടന സർവീസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കും. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം രാവിലെ 8.30 മുതലായിരിക്കും സാധാരണക്കാരായ യാത്രക്കാർക്ക് ഈ ആനുകൂല്യം ലഭ്യമാകുക.ആദ്യ സർവീസിൽ മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും അൽപനേരം യാത്ര ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.
ആദ്യഘട്ടത്തിൽ കെഎസ്ആർടിസിയുടെ 3,125 ഓർഡിനറി ബസുകളിലും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയോടുന്ന ഗ്രാമവണ്ടികളിലുമാണ് പദ്ധതി നടപ്പാക്കുന്നത്. ടൗൺ ടു ടൗൺ ഉൾപ്പെടെ 'ഓർഡിനറി' എന്ന് രേഖപ്പെടുത്തിയിട്ടുള്ള എല്ലാ ബസുകളിലും സൗജന്യ യാത്ര ലഭ്യമാകുമെങ്കിലും സിറ്റി ഫാസ്റ്റ് സർവീസുകളിൽ ഈ ആനുകൂല്യം ലഭിക്കില്ല. പൊതുജനങ്ങൾക്ക് എളുപ്പത്തിൽ തിരിച്ചറിയാനായി ഈ ബസുകളുടെ ഡോറുകളിൽ പ്രത്യേക 'പ്രിയദർശിനി' സ്റ്റിക്കറുകൾ പതിക്കും.
മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി തികച്ചും ലളിതവും നിബന്ധനകളില്ലാത്തതുമായ രീതിയിലാണ് കേരളത്തിൽ ഇത് വിഭാവനം ചെയ്തിരിക്കുന്നത്. യാത്ര ചെയ്യുന്നതിനായി യാതൊരുവിധ പ്രത്യേക കാർഡുകളോ, സർട്ടിഫിക്കറ്റുകളോ, മുൻകൂർ രജിസ്‌ട്രേഷനോ, തിരിച്ചറിയൽ രേഖകളോ സ്ത്രീകൾ കാണിക്കേണ്ടതില്ല. പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്കും തടസ്സമില്ലാതെ ബസിൽ കയറി യാത്ര ചെയ്യാം.
യാത്രക്കാരുടെ കൃത്യമായ കണക്കും ദൈനംദിന ചെലവുകളും തിട്ടപ്പെടുത്തുന്നതിനായി യാത്ര ചെയ്യുന്ന എല്ലാ സ്ത്രീകൾക്കും തുകയൊന്നും ഈടാക്കാതെ കണ്ടക്ടർമാർ 'സീറോ ടിക്കറ്റ്' (Zero Ticket) വിതരണം ചെയ്യും. പദ്ധതി വഴി പ്രതിദിനം രണ്ടു കോടിയിലധികം രൂപയുടെ അധികച്ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ ഈ സാമ്പത്തിക ബാധ്യത കെഎസ്ആർടിസിയുടെ ചുമലിൽ കെട്ടിവെക്കില്ലെന്നും സർക്കാർ ഗ്രാന്റായി തുക നേരിട്ട് അനുവദിക്കുമെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ഓർക്കുക:
ജൂൺ 15 തിങ്കളാഴ്ച രാവിലെ 8.30-ന് ശേഷമുള്ള കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ മാത്രമായിരിക്കും സ്ത്രീകൾക്ക് ഈ സൗജന്യ യാത്രയും സീറോ ടിക്കറ്റ് വിതരണവും ലഭ്യമാവുക.