കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ വനിതകൾ കുറഞ്ഞത് നീതികേട്; തനിക്ക് പങ്കില്ലെന്ന് ശശി തരൂർ
കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിലെ വനിത പ്രാതിനിധ്യ കുറവ് നീതികേടാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ എംപി. സ്ഥാനാർത്ഥി നിർണയത്തിൽ തനിക്ക് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. തീരുമാനങ്ങൾ എടുത്തവർ എല്ലാ ഘടകങ്ങളും പരിഗണിച്ചിരിക്കാം. വിജയസാധ്യതയാണ് മാനദണ്ഡം എന്നാണ് പറയുന്നത്. വനിത ബില്ലിനെ പിന്തുണച്ച ആളാണ് താൻ. സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിത്യം വേണമെന്നാണ് നിലപാട് എന്നും ശശി തരൂർ പറഞ്ഞു.
സംസ്ഥാനത്ത് കോൺഗ്രസ് മത്സരിക്കുന്ന 92 സീറ്റുകളിൽ ഒമ്പത് മണ്ഡലങ്ങളിലാണ് വനിതകൾ സ്ഥാനാർഥികളായിട്ടുള്ളത്. ചർച്ചകൾക്കും വിവാദങ്ങൾക്കും ട്വിസ്റ്റുകൾക്കും പിന്നാലെ വ്യാഴാഴ്ച വൈകുന്നേരമാണ് കോൺഗ്രസ് രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്. നേരത്തെ മഹിളാ കോൺഗ്രസ് നേതാക്കളും സ്ഥാനാർഥി പട്ടികക്കെതിരെ രംഗത്തുവന്നിരുന്നു.
കോൺഗ്രസ് നേതാവ് ഷമ മുഹമ്മദും സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. കൊച്ചിയിൽ ദീപ്തി മേരി വർഗീസിന്റെ പേര് പറഞ്ഞു കേട്ടിരുന്നുവെങ്കിലും മുഹമ്മദ് ഷിയാസാണ് സ്ഥാനാർഥിയായത്. ദീപ്തി മേരി വർഗീസിന്റെ പേര് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ നിർദേശിച്ചെങ്കിലും ഷിയാസിനെയാണ് പരിഗണിച്ചത്. ഷിയാസിന്റെ പേരായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർദേശിച്ചത്.