ചൊവ്വന്നൂരിൽ യുവാവിനെ കൊന്നത് സ്വവർഗ രതിക്കിടെ; പ്രതി സണ്ണി മുമ്പും കൊലക്കേസുകളിൽ പ്രതി
തൃശ്ശൂർ ചൊവ്വന്നൂരിലെ വാടക ക്വാർട്ടേഴ്‌സിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം സ്വവർഗരതിക്കിടെയുണ്ടായ കൊലപാതകമെന്ന് പോലീസ്. പ്രതി മരത്തംകോട് ചൊവ്വന്നൂർ ചെറുവത്തൂർ സണ്ണി(61)യെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ സ്വവർഗാനുരാഗിയാണെന്ന് പോലീസ് പറയുന്നു
കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശിയാണെന്നാണ് വിവരം. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ചൊവ്വന്നൂർ ബസ് സ്റ്റോപ്പിന് സമീപത്തെ വാടക ക്വാർട്ടേഴ്‌സിലാണ് കഴിഞ്ഞ ദിവസം കത്തിയ നിലയിൽ മൃതദേഹം കണ്ടെത്തുന്നത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ മുറിയിൽ നിന്ന് പുക ഉയരുന്നത് സമീപത്തുള്ളവർ കാണുകയായിരുന്നു
സണ്ണിയെ ക്വാർട്ടേഴ്‌സിന്റെ ഉടമ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഇയാൾ കൃത്യമായ മറുപടി നൽകിയില്ല. ഇതോടെ മുറിയുടെ പൂട്ട് പൊളിച്ചു നോക്കിയപ്പോഴാണ് കരി പുരണ്ട്, കമിഴ്ന്ന് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. രാത്രിയോടെ ശക്തൻ സ്റ്റാൻഡ് പരിസരത്ത് നിന്നാണ് സണ്ണിയെ പിടികൂടിയത്
സ്വവർഗരതിക്കായി സണ്ണി പലരെയും ഈ ക്വാർട്ടേഴ്‌സിൽ കൊണ്ടുവരാറുണ്ടെന്നും പോലീസ് പറയുന്നു. തൃശ്ശൂരിലെ സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനാണ് ഇയാൾ. മുമ്പ് രണ്ട് കൊലപാതക കേസുകളിലും ഇയാൾ പ്രതിയായിരുന്നു