{"vars":{"id": "89527:4990"}}

വിലങ്ങാട് വനത്തിൽ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി; അനുമതിയില്ലാതെ വനത്തിൽ കയറിയതിന് കേസെടുക്കും

 

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിലങ്ങാട് വാളൂക്ക് വനമേഖലയിൽ വഴിതെറ്റി കുടുങ്ങിയ മൂന്ന് യുവാക്കളെ വനംവകുപ്പും നാട്ടുകാരും ചേർന്നുള്ള മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ സുരക്ഷിതമായി പുറത്തെത്തിച്ചു. വടകര ചോറോട് സ്വദേശികളായ യുവാക്കളാണ് ഇന്നലെ വൈകിട്ടോടെ കൊടുംവനത്തിനുള്ളിൽ അകപ്പെട്ടത്.

​രണ്ട് ബൈക്കുകളിലായി വനാതിർത്തിയിൽ എത്തിയ യുവാക്കൾ കൗതുകത്തിന് വനത്തിനുള്ളിലേക്ക് കയറുകയായിരുന്നുവെന്നാണ് വിവരം. വൈകിട്ടോടെ കാടിനുള്ളിൽ നിന്നും മൊബൈൽ ഫ്ലാഷ് ലൈറ്റുകളും ഉച്ചത്തിലുള്ള ശബ്ദവും ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് വിവരം വനംവകുപ്പിനെയും പൊലീസിനെയും അറിയിച്ചത്. തുടർന്ന് വനാതിർത്തിയിൽ നിന്നും ഇവർ സഞ്ചരിച്ച ബൈക്കുകളും കണ്ടെത്തി.

​തൊട്ടുപിന്നാലെ ഫയർഫോഴ്‌സും വനപാലകരും നാട്ടുകാരും ചേർന്ന് മൂന്ന് സംഘങ്ങളായി തിരിഞ്ഞ് വനത്തിനുള്ളിൽ വ്യാപക തെരച്ചിൽ ആരംഭിക്കുകയായിരുന്നു. വന്യമൃഗശല്യമുള്ള ദുർഘടം പിടിച്ച പാറക്കെട്ടുകൾ നിറഞ്ഞ 'വാളുക്ക് അത്തായ കൊത്ത്' എന്ന സ്ഥലത്ത് നിന്നാണ് രാത്രി വൈകി പത്തരയോടെ യുവാക്കളെ കണ്ടെത്തിയത്. കാട് കാണുന്നതിനിടയിൽ കൂട്ടത്തിൽ ഒരാൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ പരിഭ്രാന്തരായ സംഘത്തിന് തിരികെ ഇറങ്ങാനുള്ള വഴി തെറ്റുകയായിരുന്നുവെന്ന് രക്ഷപ്പെടുത്തിയ ശേഷം യുവാക്കൾ പറഞ്ഞു.

​വനത്തിൽ നിന്ന് പുറത്തെത്തിച്ച യുവാക്കൾ നിലവിൽ വനംവകുപ്പിന്റെ കസ്റ്റഡിയിലാണ്. സംരക്ഷിത വനമേഖലയിൽ മുൻകൂർ അനുമതിയില്ലാതെ അതിക്രമിച്ചു കയറിയത് ഗുരുതരമായ നിയമലംഘനമാണെന്നും, ഇവർക്കെതിരെ വനനിയമപ്രകാരം കേസെടുക്കുമെന്നും വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. സാഹസിക വിനോദങ്ങളുടെയും ട്രെക്കിംഗിന്റെയും പേരിൽ വിലക്കുള്ള വനമേഖലകളിൽ അനധികൃതമായി പ്രവേശിക്കരുതെന്ന് അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.