ഇബ്രാഹിംകുഞ്ഞിനെ നാല് ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് വിജിലൻസ്; ജഡ്ജി നേരിട്ട് ആശുപത്രിയിലെത്തും

പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ മുസ്ലീം ലീഗ് നേതാവും മുൻ മന്ത്രിയുമായ വി കെ ഇബ്രാഹിംകുഞ്ഞിനെ നാല് ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് വിജിലൻസ്. ഇബ്രാഹിംകുഞ്ഞിനെ ഇന്ന്
 

പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ മുസ്ലീം ലീഗ് നേതാവും മുൻ മന്ത്രിയുമായ വി കെ ഇബ്രാഹിംകുഞ്ഞിനെ നാല് ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് വിജിലൻസ്. ഇബ്രാഹിംകുഞ്ഞിനെ ഇന്ന് ഡിസ്ചാർജ് ചെയ്യാനാകില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. ഇതേ തുടർന്ന് വിജിലൻസ് ജഡ്ജി നേരിട്ട് ആശുപത്രിയിലെത്തും

ഇബ്രാഹിംകുഞ്ഞ് ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. വിജിലൻസ് ജഡ്ജി ജോബിൻ സെബാസ്റ്റിയനാണ് ആശുപത്രിയിലേക്ക് നേരിട്ടെത്തുക. നടപടി ക്രമങ്ങൾ ആശുപത്രിയിൽ തന്നെ പൂർത്തിയാക്കാനാണ് തീരുമാനം. ഇന്ന് രാവിലെ ലേക്ക് ഷോർ ആശുപത്രിയിലെത്തിയാണ് വിജിലൻസ് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് മുൻകൂട്ടി കണ്ട ലീഗ് നേതാവ് ഇന്നലെ രാത്രി തന്നെ ആശുപത്രിയിൽ പോയി അഡ്മിറ്റാകുകയായിരുന്നു എന്നാണ് വിവരം

ഇന്നലെ വൈകുന്നേരം വരെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ഇബ്രാഹിംകുഞ്ഞ്. വിജിലൻസ് നടപടി ചോർന്നതോടെയാണ് അറസ്റ്റ് തടയാനുള്ള നീക്കത്തിന്റെ ഭാഗമായി ആശുപത്രിയിലെത്തിയത്. എന്നാൽ ഇതു വകവെക്കാതെ വിജിലൻസ് സംഘം ആശുപത്രി മുറിയിൽ കയറി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.