കൊറോണ; കോട്ടയത്തെ ദമ്പതികൾ രോഗവിമുക്തരായി

കൊവിഡ് 19 ബാധ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന കോട്ടയം ചെങ്ങളം സ്വദേശികളായ ദമ്പതികൾ രോഗവിമുക്തരായി. മാർച്ച് എട്ടിന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട
 

കൊവിഡ് 19 ബാധ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന കോട്ടയം ചെങ്ങളം സ്വദേശികളായ ദമ്പതികൾ രോഗവിമുക്തരായി.

മാർച്ച് എട്ടിന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവരുടെ ആദ്യ നാല് സാമ്പിളുകളുടെയും പരിശോധനാ ഫലം പോസിറ്റീവായിരുന്നു. മാർച്ച് 18, 20 തിയതികളിൽ ശേഖരിച്ച സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയത്. ആദ്യ സാമ്പിൾ പരിശോധനയിൽ തന്നെ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരുടെ കുട്ടിയെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.

കുട്ടി മാതാപിതാക്കൾക്കൊപ്പം ആശുപത്രിയിൽ തുടരുകയാണ്. പത്തനംതിട്ട ജില്ലയിൽ ആദ്യമായി രോഗം ബാധിച്ചവരുമായി സമ്പർക്കം പുലർത്തിയതിനെത്തുടർന്നാണ് ദമ്പതികൾക്ക് വൈറസ് ബാധയുണ്ടായത്.

അതേസമയം, കോട്ടയത്ത് ലോക് ഡൗൺ നിയന്ത്രണം ഭേദിച്ച് അനാവശ്യമായി നിരത്തിലിറങ്ങിയ 636 വാഹന ഉടമകൾക്കെതിരെ പൊലീസ് കേസെടുത്തു. പുറത്തിറങ്ങിയതിന് വ്യക്തമായ കാരണങ്ങൾ ബോധ്യപ്പെടുത്താൻ സാധിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കി.

ഒന്നിലധികം തവണ നിയമലംഘനം നടത്തിയവരുടെ വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. കർശന നടപടിയെടുത്ത് തുടങ്ങിയതോടെ നിരത്തിൽ വാഹനത്തിരക്കിന് ശമനമായി. 25 സാമ്പിളുകളുടെ റിസൾട്ടുകളാണ് ജില്ലയിൽ ഇനി ലഭിക്കാനുള്ളത്.