കോളിളക്കം സൃഷ്ടിച്ച കടയ്ക്കാവൂർ പോക്‌സോ കേസിലെ അമ്മ നിരപരാധി: റിപ്പോർട്ട് ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച ഗുരുതര ആരോപണമായിരുന്നു കടയ്ക്കാവൂരിലെ മാതാവിനെതിരെ സ്വന്തം മകന് ഉന്നയിച്ചത്. ഇത് കേരളമോന്നാകെ വലിയ ചർച്ചകൾക്ക് വഴിവെക്കുകയും മാതാവെന്ന പവിത്രതയ്ക്ക് കളങ്കം വരുത്തുന്ന തരത്തിലുള്ള
 

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച ഗുരുതര ആരോപണമായിരുന്നു കടയ്ക്കാവൂരിലെ മാതാവിനെതിരെ സ്വന്തം മകന്‍ ഉന്നയിച്ചത്. ഇത് കേരളമോന്നാകെ വലിയ ചർച്ചകൾക്ക് വഴിവെക്കുകയും മാതാവെന്ന പവിത്രതയ്ക്ക് കളങ്കം വരുത്തുന്ന തരത്തിലുള്ള വർത്തയുമായിരുന്നു. മകന്റെ ആരോപണത്തിന് പിന്നാലെ ആ മാതാവിനെതിരെ കേസെടുത്ത് അവരെ പൊലീസ് ജയിലില്‍ അടക്കുകയും ചെയ്തിരുന്നു.

വലിയ സോഷ്യൽ മീഡിയ പ്രചാരണത്തെ തുടർന്ന് കോടതിയുടെ ഇടപെടലില്‍ ജാമ്യം ലഭിച്ച്‌ ഉള്ളുനീറി കഴിയുന്ന ആ അമ്മയെ കാത്ത് ഒടുവില്‍ ഇപ്പോൾ ആശ്വാസ വാര്‍ത്തയെത്തിയിരിക്കുകയാണ്. കേസില്‍ വന്‍ വഴിത്തിരിവായ പൊലീസ് റിപ്പോര്‍ട്ട് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പതിമൂന്നുകാരന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ അറിയിച്ചു.

കണ്ടെത്തലുകള്‍ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു. അസാധാരണമായ ഒരു കേസാണിതെന്നും, മുതിര്‍ന്ന വനിതാ ഐപിഎസ് ഉദ്യോഗസ്ഥര്‍ തന്നെ കേസ് അന്വേഷിക്കണമെന്നും കേസില്‍ ഹൈക്കോടതി നിരീക്ഷിക്കുകയും ചെയ്തു. ഈ കേസിലെ അന്വേഷണ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്. പതിമൂന്നുകാരനെ മൂന്ന് വര്‍ഷത്തോളം ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന് പരാതിയിലാണ് കടയ്ക്കാവൂര്‍ പൊലീസ് കുട്ടിയുടെ അമ്മയെ ഇക്കഴിഞ്ഞ ഡിസംബര്‍ 28ന് അറസ്റ്റ് ചെയ്തത്.

വ്യക്തിപരമായ വിരോധങ്ങള്‍ തീര്‍ക്കാന്‍ മുന്‍ ഭര്‍ത്താവ് മകനെക്കൊണ്ട് കള്ള മൊഴി നല്‍കിപ്പിച്ചതാണെന്നായിരുന്നു സ്ത്രീയുടെ വാദം. എന്നാല്‍ മകനെ ഉപയോഗിച്ച്‌ കള്ള പരാതി നല്‍കിയിട്ടില്ല. ഒരു കുട്ടിയിലും കാണാന്‍ ആഗ്രഹിക്കാത്ത വൈകൃതങ്ങള്‍ മകനില്‍ കണ്ടെന്നും ഇതിനെ തുടര്‍ന്നാണ് പൊലീസില്‍ വിവരം അറിയിച്ചത് എന്നുമായിരുന്നു സ്ത്രീയുടെ മുന്‍ ഭര്‍ത്താവിന്റെ വാദം.

മറ്റൊരു വിവാഹം കഴിച്ച ഇയാൾക്കൊപ്പമായിരുന്നു ആരോപണമുന്നയിച്ച കുട്ടി. ഇളയമകനെ കൂടി വിട്ടുകിട്ടണമെന്നും പിതാവ് ആവശ്യപ്പെട്ടിരുന്നു. അമ്മയ്‌ക്കെതിരായ പരാതി വ്യാജമാണെന്നായിരുന്നു യുവതിയുടെ ഇളയ മകന്റെ നിലപാട്. അതേസമയം പീഡിപ്പിച്ചെന്ന അനിയന്റെ മൊഴിയില്‍ ഉറച്ച്‌ നില്‍ക്കുന്നെന്നായിരുന്നു മൂത്ത സഹോദരന്‍ പറഞ്ഞത്.