കോവിഡ് സമയത്ത് വ്യതസ്തമായ ഒരു പൊലീസ് പാസ്

ലോക്ക് ഡൗൺ സമയത്ത് ആവശ്യത്തിനും അനാവശ്യങ്ങൾക്കും ജനങ്ങൾ പുറത്തിറങ്ങാൻ പാസുകൾക്കു വേണ്ടി ശ്രമിക്കുമ്പോൾ തിരുവനന്തപുരത്തു നിന്നും വ്യത്യസ്തമായ പാസുമായി സീന ആന്റണിയും ആന്റണി സ്റ്റീഫനും നന്മയുടെ മുഖങ്ങൾ
 

ലോക്ക് ഡൗൺ സമയത്ത് ആവശ്യത്തിനും അനാവശ്യങ്ങൾക്കും ജനങ്ങൾ പുറത്തിറങ്ങാൻ പാസുകൾക്കു വേണ്ടി ശ്രമിക്കുമ്പോൾ തിരുവനന്തപുരത്തു നിന്നും വ്യത്യസ്തമായ പാസുമായി സീന ആന്റണിയും ആന്റണി സ്റ്റീഫനും നന്മയുടെ മുഖങ്ങൾ ആകുന്നു.

തിരുവനന്തപുരം ഉള്ളൂർ സ്വദേശിയായ ആനിമൽ ആക്ടിവിസ്റ്റും സാമൂഹികപ്രവർത്തകയും കലാ രംഗത്ത് ഗാനമേള ട്രൂപ്പ് നടത്തുകയും ചെയ്യുന്ന ഒരു കുടുംബം പോലീസ് പാസിനായി സമീപിച്ചത്. ആവശ്യം ചോദിച്ചപ്പോഴാണ് പോലീസ് ശരിക്കും ഞെട്ടിയത്. കിട്ടിയ മറുപടി ഇങ്ങനെയായിരുന്നു, തെരുവുനായ്ക്കൾക്ക് ഭക്ഷണം കൊടുക്കാൻ പുറത്തു പോകണം.

അടച്ചുപൂട്ടലിനെത്തുടർന്ന് പട്ടിണിയിലായ തെരുവുനായ്ക്കൾക്ക് ആഹാരം നൽകുന്ന പ്രവർത്തനത്തിലുള്ള പാസ് ആണ് ആവശ്യപ്പെടുന്നതെന്ന് മനസ്സിലാക്കിയ പോലീസ് മറ്റൊന്നും ആലോചിക്കാതെ അനുമതി നൽകുകയായിരുന്നു. പരിസ്ഥിതി പ്രവർത്തകയും മൃഗസ്‌നേഹിയുമായ സീന ആന്റണിയും ഭർത്താവ് ആൻറണി സ്റ്റീഫനും കഴിഞ്ഞ ഏഴ് വർഷമായി ആഹാരം കിട്ടാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവുനായ്ക്കൾക്ക് ആഹാരം കൊടുക്കാറുണ്ട്.

തിരുവനന്തപുരം നഗരത്തിൽ മാത്രം നടത്തിയിരുന്ന ഈ പ്രവർത്തനം അടച്ചു പൂട്ടലിനെ തുടർന്ന് തിരുവനന്തപുരത്തിന് 30 കിലോമീറ്റർ ചുറ്റളവിൽ വ്യാപിപ്പിച്ച് മൃഗസ്‌നേഹിയായ ഈ കുടുംബം ഉച്ചകഴിഞ്ഞ് തയ്യാറാക്കിയ ആഹാരവുമായി സ്വന്തം വാഹനത്തിൽ യാത്രതിരിക്കും. കാറിൽ നിന്നിറങ്ങുമ്പോൾ തന്നെ അന്നദാതാവിന്റെ വരവ് മണത്തറിഞ്ഞ നായ്ക്കൾ കൂട്ടം കൂട്ടമായി എത്തും. ഓരോരുത്തർക്കുമുള്ള ആഹാരം പ്രത്യേകം പ്രത്യേകം നൽകി അടുത്ത സ്ഥലത്തേക്ക് യാത്രതിരിക്കും. ആഹാരം പാചകം ചെയ്യുന്നതിനും വിതരണത്തിനും സഹായിക്കുന്നതിന് ഭർത്താവായ ആൻറണി സ്റ്റീഫൻ കൂടെയുള്ളത് സീനയ്ക്ക് ഏറ്റവും കൂടുതൽ ധൈര്യം നൽകുന്നു. ദിവസവും 30 കിലോ അരിയും 15 കിലോ ചിക്കനും ചേർത്ത് പാചകം ചെയ്താണ് ഇവർ വിതരണം നടത്തുന്നത്. 450ൽ കൂടുതൽ തെരുവ് നായ്ക്കൾ ദിവസവും ഇവരുടെ കാരുണ്യത്താൽ ആഹാരം കഴിക്കുന്നുണ്ട്.

ചില അവസരങ്ങളിൽ ഭക്ഷണം തികയാതെ വന്നാൽ കൊടുക്കാൻ വേണ്ടി ബിസ്‌ക്കറ്റും കരുതാറുണ്ട്. ആദ്യദിനങ്ങളിൽ മുഖംതിരിച്ച പലരും തുടർച്ചയായ ഇവരുടെ പ്രവർത്തനത്തിനെ ഇപ്പോൾ അനുമോദിക്കുകയും സഹായസഹകരണങ്ങൾ നൽകുന്നുമുണ്ട്.