പൊലീസിലെ അഴിമതി: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല കോടതിയിലേക്ക്

തിരുവനന്തപുരം: സിഎജി റിപ്പോർട്ടിലെ പൊലീസ് അഴിമതി വിവരങ്ങൾ ചൂണ്ടിക്കാട്ടി നിയമ പോരാട്ടത്തിന് ഒരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിംസ് പദ്ധതി, സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ട്രാഫിക് സംവിധാനം
 

തിരുവനന്തപുരം: സിഎജി റിപ്പോർട്ടിലെ പൊലീസ് അഴിമതി വിവരങ്ങൾ ചൂണ്ടിക്കാട്ടി നിയമ പോരാട്ടത്തിന് ഒരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിംസ് പദ്ധതി, സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ട്രാഫിക് സംവിധാനം തുടങ്ങിയ പ്രൊജക്ടുകളിലെ അഴിമതി അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടാണ് ചെന്നിത്തല കോടതിയെ സമീപിക്കുന്നത്. നിയമ വിദഗ്ധരുമായുള്ള കൂടിക്കാഴ്ചകൾ തുടരുകയാണെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.

പൊലീസിലെ അഴിമതിയെ കുറിച്ച് പ്രതികരണം അറിയണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷത്തിന് മറുപടി നൽകാൻ പോലും മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായിട്ടില്ല. പൊലീസ് അഴിമതി അന്വേഷിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു വിജിലൻസിൻറേയും നിലപാട്. ഭരണഘടന സ്ഥാപനമായ സിഎജിയുടെ കണ്ടെത്തലുകൾ പരിശോധിക്കേണ്ടത് നിയമസഭയുടെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയാണ്. ചട്ടപ്രകാരം നിയമസഭ സമിതി പരിശോധിക്കേണ്ട കാര്യമായതിനാൽ വിജിലൻസ് അന്വേഷണത്തിൻറെ ആവശ്യമില്ലെന്നാണ് വിജിലൻസ് പ്രോസിക്യൂട്ടർ ചെറുന്നിയൂർ ഉണ്ണികൃഷ്ണൻ കോടതിയെ അറിയിച്ചത്.

പൊലീസിലെ ഗുരുതര ക്രമക്കേടുകളെ കുറിച്ചുള്ള സിഎജി കണ്ടെത്തലുകൾ തള്ളി ഡിജിപിയെ വെള്ളപൂശി കൊണ്ടുള്ള ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ടും പുറത്തുവന്നിരുന്നു. തോക്കുകൾ നഷ്ടപ്പെട്ടിട്ടില്ലെന്നും ഔദ്യോഗിക വസതി ഇല്ലാത്തത് കൊണ്ടാണ് ഡിജിപിക്ക് വില്ല പണിതെന്നും ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ആധുനിക വൽക്കരണത്തിനുള്ള സാധനങ്ങൾ വാങ്ങിയതിൽ വീഴ്ച കെൽട്രോണിനാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.