ലോക്ക് ഡൗൺ കാലത്ത് കോട്ടയത്ത് ഹൃദയം മാറ്റിവെക്കൽ; ശസ്ത്രക്രിയ വിജയകരമെന്ന് ആരോഗ്യമന്ത്രി

ലോക്ക് ഡൗൺ കാലത്ത് അവയവദാന പ്രക്രിയയിലൂടെ നടന്ന ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന കെ സി
 

ലോക്ക് ഡൗൺ കാലത്ത് അവയവദാന പ്രക്രിയയിലൂടെ നടന്ന ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന കെ സി ജോസി(62)നാണ് ഹൃദയം മാറ്റിവെച്ചത്. ഹാർട്ടി റിജക്ഷൻ സാധ്യതയും ഇൻഫെക്ഷൻ സാധ്യതയുമുള്ളതിനാൽ 24 മണിക്കൂർ വെന്റിലേറ്ററിലാണ് ജോസ്

രണ്ടാഴ്ച കഴിയുന്നത് വരെ രോഗി പൂർണനിരീക്ഷണത്തിലായിരിക്കും. സംസ്ഥാനത്ത് സർക്കാർ മേഖലയിൽ നടക്കുന്ന ആറാമത്തെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആണിത്. ഇത് ആറും നടന്നത് കോട്ടയം മെഡിക്കൽ കോളജിലാണ്. ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ജയകുമാർ ഉൾപ്പെടെ എല്ലാവരെയും അഭിനന്ദിക്കുന്നതായി മന്ത്രി അറിയിച്ചു

ബൈക്ക് അപകടത്തെ തുടർന്ന് തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന ശ്രീകുമാർ എന്നയാൾക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടർന്നാണ് ബന്ധുക്കൾ അവയവദാനത്തിന് തയ്യാറായത്. ഇതുവഴി നാല് പേർക്ക് പുതുജീവൻ സമ്മാനിക്കാനായി.

ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാർ വെള്ളിയാഴ്ച രാത്രിയാണ് തിരുവനന്തപുരത്ത് എത്തിയത്. പുലർച്ചെ 3.15ന് ഹൃദയം എടുക്കുകയും റോഡ് മാർഗം അതിരാവിലെ 5.1ന് കോട്ടയം മെഡിക്കൽ കോളജിൽ എത്തി. ഇവിടെ 5 മണിക്ക് തന്നെ തടുങ്ങിയ ശസ്ത്രക്രിയയിൽ ഈ സംഘവും പങ്കാളിയായി. മൂന്ന് മണിക്കൂറോളം നേരം നീണ്ട ശസ്ത്രക്രിയയിലാണ് ഹൃദയം മാറ്റിവെച്ചത്.

ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രോഗിക്കും ഒരു വൃക്കയും കരളും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കുമാണ് നൽകിയത്. അതീവ ദു:ഖത്തിലും അവയവദാനത്തിന് സന്നദ്ധരായ ശ്രീകുമാറിന്റെ കുടുംബം ചെയ്തത് വലിയ ത്യാഗമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.