{"vars":{"id": "89527:4990"}}

വയനാട്ടില്‍ ജനവാസ കേന്ദ്രത്തില്‍ കടുവ; രാത്രിയിലും തിരച്ചില്‍ തുടര്‍ന്ന് വനംവകുപ്പ്

 
ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവക്കായി രാത്രി വൈകിയും തിരച്ചില്‍. വയനാട്ടിലെ പുല്‍പ്പള്ളിക്ക് സമീപമാണ് ഊര്‍ജിതമായ തിരച്ചില്‍ നടക്കുന്നത്. അമരക്കുനിയിലെ ഊട്ടക്കവലക്കടുത്ത് കടുവയുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് പരിശോധന നടക്കുന്നത്. കടുവക്കായി രാത്രിയിലും തിരച്ചില്‍ തുടരുകയാണെന്ന് വനംവകുപ്പ് ദൗത്യ സംഘം അറിയിച്ചു. ദൗത്യത്തിന്റെ ഭാഗമായി തെര്‍മല്‍ ഡ്രോണ്‍ പറത്തി കടുവയെ നിരീക്ഷിച്ചു വരികയാണ്. കടുവയെ മയക്കുവെടി വെയ്ക്കാന്‍ സജ്ജമായി വിദഗ്ദ സംഘവും പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ വാഹനഗതാഗതം നിരോധിച്ചിട്ടുണ്ട്. നാട്ടുകാർക്ക് കർശന നിർദേശം നൽകിയിട്ടുമുണ്ട് അധികൃതർ. നിലന്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം പോലെയുള്ള ദുരിതങ്ങൾ ആവർത്തിക്കാതിരിക്കാനാണ് വനംവകുപ്പ് ശ്രദ്ധിക്കുന്നത്.