31 വർഷം മുമ്പുള്ള ഒരു ക്ലാഷ് റിലീസ്

 

31 വർഷം മുമ്പുള്ള ഒരു ക്ലാഷ് റിലീസ് 

ജോഷി – ലോഹിതദാസ് ടീമിന്റെ മമ്മൂട്ടി ചിത്രം കൗരവർ.
ജോർജ്ജ് കിത്തു – ലോഹിതദാസ് ടീമിന്റെ മുരളി ചിത്രം ആധാരം.
കമൽ – രഘുനാഥ് പലേരി ടീമിന്റെ മുകേഷ് ചിത്രം എന്നോടിഷ്ടം കൂടാമോ.
അനിൽ ബാബു – കലൂർ ഡെന്നീസ് ടീമിന്റെ ജഗദീഷ് – സിദ്ധിഖ് ചിത്രം മാന്ത്രികച്ചെപ്പ്.

കൗരവർ, എന്നോടിഷ്ടം കൂടാമോ എന്നീ ചിത്രങ്ങളുടെ സംഗീതം നൽകിയത് എസ്.പി.വെങ്കിടേഷായിരുന്നു. ഇരു ചിത്രങ്ങളിലെയും ഗാനങ്ങൾ സൂപ്പർ ഹിറ്റായിരുന്നു ആധാരം, മാന്ത്രികച്ചെപ്പ് എന്നിവയുടെ സംഗീതം ജോൺസണും. ഈ സീസണിലെ മാന്ത്രികച്ചെപ്പ് ഒഴികെയുള്ള മൂന്ന് ചിത്രങ്ങളുടെയും ഗാനരചന കൈതപ്രം ദാമോദരൻ നമ്പൂതിരിയായിരുന്നു നിർവ്വഹിച്ചത്. മാന്ത്രികചെപ്പിലെ ഗാനങ്ങൾ ആർ.കെ.ദാമോദരന്റേതായിരുന്നു.

വ്യത്യസ്ത ജേണറുകളിൽ വന്ന ഈ ചിത്രങ്ങളെല്ലാം തന്നെ വിജയം നേടിയവയാണ്. ക്രൈം ഡ്രാമയായ കൗരവർ ബ്ലോക്ക് ബസ്റ്ററായപ്പോൾ മതസൗഹാർദ്ദത്തിന്റെ കഥ പറയുന്ന ആധാരം നിരൂപകപ്രശംസ പിടിച്ചു പറ്റുകയും സംസ്ഥാന സർക്കാർ ടാക്സ് ഫ്രീയായി പ്രദർശിപ്പിക്കാൻ അനുമതി നൽകുകയും ചെയ്തു. തികച്ചും വ്യത്യസ്തമായ കഥ പറയുന്ന ഇരു ചിത്രങ്ങളുടെയും തിരക്കഥ ലോഹിതദാസായിരുന്നു എന്നത് മറ്റൊരു കൗതുകമാണ്. ഗ്യാംഗ്സ്റ്റർ ചിത്രമായ കൗരവറിൽ മത്സരിച്ചഭിനയിച്ച മമ്മൂട്ടിക്കും വിഷ്ണുവർദ്ധനുമൊപ്പമോ അതിന് മുകളിലോ സ്കോർ ചെയ്യാൻ തിലകന് കഴിഞ്ഞു.

വിഷ്ണുവർദ്ധന്റെ അവസാന മലയാള ചിത്രം കൂടിയായിരുന്നു കൗരവർ. യുവ പ്രേക്ഷകർക്കൊപ്പം ഫാമിലി ഓഡിയൻസ് കൂടി ഏറ്റെടുത്തതോടെ കൗരവർ വൻ വിജയം കൈവരിച്ചു. മഹായാനം, കുട്ടേട്ടൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ലോഹിതദാസ്, ജോഷിക്ക് വേണ്ടി എഴുതിയ തിരക്കഥയായിരുന്നു കൗരവറിന്റേത്. തുടർന്നെന്തു കൊണ്ടോ ഈ കോംബോയിൽ നിന്നും മറ്റൊരു ചിത്രമുണ്ടായില്ല. ഈ ജേണറിൽ പെട്ട ഒരു ചിത്രം പോലും ലോഹിതദാസ് പിന്നീട് എഴുതിയതുമില്ല.

മൾട്ടി സ്റ്റാർ ചിത്രമായ കൗരവറിനെ അപേക്ഷിച്ച് ചെലവ് കുറഞ്ഞ ചിത്രമായ ആധാരം സൂപ്പർ ഹിറ്റായി മാറുകയും മുരളിയുടെ കരിയറിൽ ഒരു വഴിത്തിരിവ് സൃഷ്ടിക്കുകയും ചെയ്തു. മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ ആ വർഷത്തെ പുരസ്കാരം നേടിയെടുക്കാൻ അധാരത്തിലെ ബാപ്പുട്ടിയിലൂടെ മുരളിക്ക് സാധ്യമായി. ആധാരത്തിന്റെ വിജയം മുരളിയുടെ കരിയറിലെ ടേണിംഗ് പോയിന്റായിരുന്നു. തുടർ വർഷങ്ങളിൽ പരുക്കൻ ഭാവ പ്രകടനങ്ങളോടെ മുരളി നായകനായി നിരവധി ചിത്രങ്ങൾ തുടർച്ചയായി പുറത്തിറങ്ങുകയുണ്ടായി. 80 – കളുടെ അവസാനത്തോടെ മമ്മൂട്ടി – മോഹൻലാൽ ചിത്രങ്ങളിൽ ശക്തമായ പ്രതിനായക – സഹനടൻ വേഷങ്ങളിൽ തിളങ്ങിയ മുരളി അവർക്കൊപ്പം തന്നെ നായക നിരയിലേക്ക് ഉയർത്തപ്പെട്ട ചിത്രം കൂടിയാണ് അധാരം.

സിദ്ധിഖ് – ലാൽ ചിത്രങ്ങളിലൂടെ വിജയ നായകനായി മാറിയ മുകേഷിനെ സോളോ ഹീറോയാക്കി കമൽ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് എന്നോടിഷ്ടം കൂടാമോ.

മലയാള തിരക്കഥാകാരൻമാരിൽ ഏറ്റവും ” വേഴ്സറ്റൈൽ ” ആയ രലുനാഥ് പലേരിയാണ് ഈ ചിത്രത്തിന്റെ രചയിതാവ്. ഒരു പ്രണയ കഥ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ച ഈ ചിത്രത്തിലൂടെയാണ് ദിലീപ് ആദ്യമായി അഭിനയ രംഗത്തേക്ക് വരുന്നത്. അക്കാലത്ത് മിനിമം ഗാരന്റിയുള്ള നായകനടനായ മുകേഷിന്റെ മറ്റൊരു വിജയ ചിത്രമാണിത്.

1991 – ൽ റിലീസായ മിമിക്സ് പരേഡ് എന്ന ചിത്രത്തിന്റെ വൻവിജയത്തിലൂടെ ട്രെൻറ് സെറ്ററായ ജഗദീഷ് – സിദ്ധിഖ് കോംബോയിൽ വന്ന മന്ത്രികച്ചെപ്പ് ഇതേ ടീമിന്റെ ഇതര ചിത്രങ്ങളേക്കാൾ ആക്ഷന് പ്രാധാന്യം നൽകുന്നതാണ്. പ്രത്യേകിച്ചും രണ്ടാം പകുതി. കലൂർ ഡെന്നീസിന്റെ തിരക്കഥയിൽ അനിൽ ബാബു സംവിധാനം ചെയ്ത ഈ ചിത്രം ദേവന്റെ വ്യത്യസ്തമായ വില്ലൻ വേഷത്താൽ ശ്രദ്ധേയമാണ്. സായ് കുമാറും ഒരു സുപ്രധാന റോളിൽ ഉണ്ട്. ലോ ബജറ്റിൽ റിലീസായ ഈ ചിത്രവും ലാഭം നേടുകയുണ്ടായി.