{"vars":{"id": "89527:4990"}}

ബോളിവുഡിലെ ഇതിഹാസ താരം ധർമേന്ദ്ര അന്തരിച്ചു; മരണം 89ാം വയസിൽ
 

 

ബോളിവുഡ് ഇതിഹാസ താരം ധർമേന്ദ്ര അന്തരിച്ചു. 89 വയസായിരുന്നു. ദീർഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെ തുടർന്ന് ഒരാഴ്ച മുമ്പാണ് ധർമേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

ഡിസംബർ 8ന് 90ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് മരണം. കഴിഞ്ഞ ഏപ്രിലിൽ ധർമേന്ദ്രക്ക് നേത്രശസ്ത്രക്രിയ നടത്തിയിരുന്നു. ബോളിവുഡിന്റെ ഹി മാൻ എന്നറിയപ്പെട്ടിരുന്ന ധർമേന്ദ്ര ആറ് പതിറ്റാണ്ടുകാലം ഇന്ത്യൻ സിനിമയിൽ നിറഞ്ഞുനിന്നു. മൂന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 

ഷോലെ, ഹഖീഖത്ത്, ഫൂൽ ഔർ പത്തർ, ചുപ്‌കെ ചുപ്‌കെ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. അവസാന ചിത്രമായ ഇക്കിസ് ഡിസംബർ 25നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. 2012ൽ അദ്ദേഹത്തിന് രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. നടി ഹേമമാലിനിയാണ് ഭാര്യ, സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ, അജിത, വിജേത എന്നിവരാണ് മക്കൾ