{"vars":{"id": "89527:4990"}}

മേജർ രവിക്ക് തിരിച്ചടി: കർമയോദ്ധയുടെ തിരക്കഥ അപഹരിച്ചതെന്ന് വിധി, 30 ലക്ഷം നഷ്ടപരിഹാരം നൽകണം
 

 

മോഹൻലാൽ നായകനായ സിനിമ കർമയോദ്ധയുടെ തിരക്കഥയെ ചൊല്ലിയുള്ള നിയമ തർക്കത്തിൽ സംവിധായകൻ മേജർ രവിക്ക് തിരിച്ചടി. ചിത്രത്തിന്റെ തിരക്കഥ പുതുപ്പള്ളി സ്വദേശി റെജി മാത്യൂവിന്റേതാണെന്ന് കോട്ടയം കൊമേഴ്‌സ്യൽ കോടതി വിധിച്ചു. പരാതിക്കാരന് 30 ലക്ഷം രൂപയും സിനിമയുടെ പകർപ്പവകാശവും നൽകാനും കോടതി ഉത്തരവിട്ടു

13 വർഷം നീണ്ട കോടതി നടപടികൾക്ക് ശേഷമാണ് വിധി. 2012ലാണ് ചിത്രം പുറത്തിറങ്ങിയത്. തന്റെ കഥയും തിരക്കഥയും സംഭാഷണവും അനുമതിയില്ലാതെ ഉപയോഗിച്ചാണ് സിനിമ നിർമിച്ചതെന്ന റെജി മാത്യുവിന്റെ പരാതിയിലാണ് കോടതി വിധി. സിനിമയുടെ റിലീസിന് ഒരു മാസം മുമ്പാണ് റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് റെജി മാത്യൂ കോടതിയെ സമീപിച്ചത്

അഞ്ച് ലക്ഷം രൂപ കെട്ടിവെച്ച ശേഷം സിനിമ റിലീസ് ചെയ്യാൻ കോടതി അനുവദിക്കുകയായിരുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ സംബന്ധിച്ച് തർക്കമുണ്ടെന്ന് രേഖപ്പെടുത്തി സിനിമ റിലീസ് ചെയ്യാനായിരുന്നു കോടതി അനുവദിച്ചത്. എന്നാൽ തിരക്കഥാകൃത്തുക്കളുടെ സ്ഥാനത്ത് ഷാജി, സുമേഷ് എന്നിവ ചേർത്താണ് റിലീസ് ചെയ്തത്. ഇത് ചൂണ്ടിക്കാട്ടി കോടതി ഉത്തരവ് ലംഘിച്ചെന്ന് കാണിച്ച് 40 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് റെജി മാത്യു വീണ്ടും കോടതിയെ സമീപിച്ചത്.