'സേതുമാധവന്റെ' രണ്ടാം വരവ്; മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രം 'കിരീടം' ജൂലൈ 10-ന് തിയേറ്ററുകളിലേക്ക്
Jul 2, 2026, 19:06 IST
മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ വിസ്മയങ്ങളിലൊന്നായ മോഹൻലാൽ ചിത്രം 'കിരീടം' വീണ്ടും വെള്ളിത്തിരയിലേക്ക്. ആധുനിക ദൃശ്യ-ശ്രാവ്യ മികവോടെ 4K ഡോൾബി അറ്റ്‌മോസ് സാങ്കേതികവിദ്യയിലാണ് ചിത്രം റീ-റിലീസിന് ഒരുങ്ങുന്നത്. വരും തലമുറകൾക്കും തിയേറ്റർ അനുഭവം സമ്മാനിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ചിത്രത്തിന്റെ റീ-റിലീസ് ജൂലൈ 10-ന് ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത 'കിരീടം' 1989-ലാണ് ആദ്യമായി തിയേറ്ററുകളിൽ എത്തിയത്. സേതുമാധവനായി ജീവിച്ചു കാണിച്ച മോഹൻലാലിന്റെ പ്രകടനവും, അച്യുതൻ നായരായി തകർത്തഭിനയിച്ച തിലകന്റെ വേഷവും ഇന്നും മലയാളികളുടെ നെഞ്ചിലെ നോവാണ്. കരിയറിലെ ഏറ്റവും മികച്ച റെസ്റ്റോറേഷൻ വർക്കുകളിലൊന്നാണ് ചിത്രത്തിനായി പൂർത്തിയായിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന സൂചനകൾ.