എഡിറ്റിംഗ് കാണണമെന്ന് ആവശ്യപ്പെടുന്നത് ഷേൻ നിഗം, കുടുംബാംഗങ്ങളും എഡിറ്റിങ്ങിൽ ഇടപെടും; ശ്രീനാഥ് ഭാസി മറ്റൊരു പ്രശ്നക്കാരൻ: സിനിമാ രംഗത്തെ വലിയ വെളിപ്പെടുത്തൽ

 

സിനിമാ രംഗത്ത് `നായക´ വിവാദം പുകയുന്നു. ഫെഫ്‌ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി ഉണ്ണികൃഷ്ണൻ്റെ കഴിഞ്ഞ ദിവസത്തെ വെളിപ്പെടുത്തലോടെയാണ് സിനിമാ രംഗത്തെ ചില നായക നടൻമാർക്ക് എതിരെ വിവാദങ്ങൾ ഉയരുന്നത്. ചില നടീ നടന്മാർ സിമാ സെറ്റിൽ പ്രശ്നമുണ്ടാക്കുന്നത് സ്ഥിരം പരിപാടിയാണെന്ന് ഉണ്ണികൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ ഉണ്ണികൃഷ്ണൻ ഈ വെളിപ്പെടുത്തൽ നടത്തിയതോടെ ആരൊക്കെയാണ് ാ നായകൻമാർ എന്ന ചോദ്യം മലയാളികൾക്കിടയിൽ ഉയരുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമാ മേഖലയിൽ ഏവരേയും ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളറും സിനിമാ നിർമാതാവും ഫെഫ്‌ക പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ ഷിബു ജി സുശീലൻ. ഒരു അഭിമുഖത്തിലാണ് ഷിബു ചില കാര്യങ്ങൾ തുറന്നു പറഞ്ഞത്. 

അിനിമാ രംഗത്ത് അഭിനേതാക്കളെ കൊണ്ടുള്ള പ്രശ്നങ്ങൾ ഏറ്റവും അനുഭവിക്കുന്നത് പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവാണെന്നാണ് ഷിബു പറയുന്നത്. ഒരു സിനിമയിൽ കമ്മിറ്റ് ചെയ്തു കഴിഞ്ഞാൽ വിളിച്ചാൽ ഫോൺ എടുക്കില്ല, സമയത്ത് ഷൂട്ടിംഗിന് വരില്ല. ഇവർക്ക് പോയി കാശുകൊടുത്തിട്ട് ഇത്തരത്തിലാണ് ഇവർ പെരുമാറുന്നതെന്നും ഷിബു ചൂണ്ടിക്കാണിക്കുന്നു. മാന്യമായ പെരുമാറ്റം ഉണ്ടാവുന്നില്ലെന്നുള്ളതാണ് സങ്കടകരം. അതേസമയം പൃഥിരാജൊക്കെ വലിയ കൂളായി പ്രവർത്തിക്കുന്നവരാണ്. മോഹൻലാലും മമ്മൂട്ടിയുമൊക്കെ നിൽക്കുമ്പോഴാണ് പുതിയതായി വന്നവർ ഇങ്ങനെ പെരുമാറുന്നതെന്നും ഷിബു ആരോപിക്കുന്നു. 

എഡിറ്റിംഗ് കാണണമെന്ന് ആവശ്യപ്പെടുന്നത് ഷേൻ നിഗമാണെന്നും ഷിബു വെളിപ്പെടുത്തി. കുടുംബമടക്കം എഡിറ്റിംഗിൽ ഇടപെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഷേൻ നിഗത്തിന് 'അമ്മയിൽ' മെമ്പർഷിപ്പ് എടുത്തുകൊടുത്തതിൽ തനിക്ക് കുറ്റബോധമുണ്ടെന്നും ഷിബു പറയുന്നു. അംഗത്വമെടുത്ത് കുറേ നാൾക്ക് ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. എനിക്ക് പറ്റിയ അബദ്ധമാണതെന്ന് ഇടവേള ബാബുവിനോട് പറഞ്ഞിട്ടുണ്ടെന്നും ഷിബു വ്യക്തമാക്കി. 

ശ്രീനാഥ് ഭാസിയും സിനിമയിൽ പ്രശ്നമുണ്ടാക്കുന്നയാളാണ്. ഹോം സിനിമയിൽ അഭിനയിക്കുന്ന സമയം, ശ്രീനാഥ് സെറ്റിലെത്തുന്നത് വളരെ താമസിച്ചായിരുന്നു. ഇത് ശരിയല്ലെന്ന് പറഞ്ഞ് ഞാൻ ശ്രീനാഥിന് മെസേജ് അയച്ചു. ഇതിന് പിന്നാലെ ഷിബു ചേട്ടൻ തന്നെ പിഡീപ്പിക്കുന്നുവെന്ന് പറഞ്ഞ് ശ്രീനാഥ് ഹോമിൻ്റെ നിർമാതാവ് വിജയ് ബാബുവിന് മെസേജ് അയച്ചുവെന്നും ഷിബു പറഞ്ഞു. എന്തിനാണ് ഇത്ര രാവിലെ തന്നെ സെറ്റിൽ കൊണ്ടിരിത്തുന്നതെന്ന് നടൻ ഇന്ദ്രൻസ് തന്നോട് ചോദിച്ചുവെന്നും ഷിബു അഭിമുഖത്തിൽ വ്യക്തമാക്കി. ശ്രീനാഥ് ഇല്ലാത്തതിനാൽ ഇന്ദ്രൻസിന് വെറുതേയിരിക്കേണ്ടി വന്നിരുന്നു. 

ഹോം സിനിമയുടെ പ്രൊമൊഷനും ശ്രീനാഥ് വന്നില്ല.ഇത്തരത്തിൽ പ്രവർത്തിക്കുന്നവരെവച്ച് എങ്ങനെ സിനിമ ചെയ്യും. ഇനിയാർക്കും അമ്മയിൽ മെമ്പർഷിപ്പ് എടുത്തുകൊടുക്കില്ലെന്നും ഷിബു പറഞ്ഞു. പുതിയ ആൾക്കാർ സിനിമയിൽ എത്തിക്കഴിഞ്ഞ് ഒരു സിനിമ ഹിറ്റ് ആയിക്കഴിഞ്ഞാൽ അവരുടെ സ്വഭാവം മാറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

കോടികൾ ഇത്ര ചെറുപ്പത്തിലേ കൈയിൽ ലഭിക്കുന്നതിൻ്റെ തലക്കനമാകാം ഇവർക്ക്. നിർമാതാക്കളും സംവിധായകരും എഴുത്തുകാരുമൊന്നും ഇവരുടെ അടുത്തേക്ക് പോകരുതെന്ന് തീരുമാനിക്കണം. നമ്മൾ എന്തിനാണ് ഇവരെ വിളിച്ചുകൊണ്ടുവന്നിട്ട് തലവേദന ഏൽക്കുന്നതെന്നും ഷിബു ചോദിക്കുന്നു. ഇവർക്ക് കോടികളുടെ മാർക്കറ്റ് ഒന്നുമില്ല. പിന്നെ എന്തിനാണ് കടിക്കുന്ന പട്ടിയെ വാങ്ങുന്നത്. അവർ വിശ്രമിക്കട്ടെ, ഉറങ്ങട്ടെ. അവർ ഇങ്ങോട്ട് വരണമെങ്കിൽ അവരെ നമ്മൾ അങ്ങോട്ട് സമീപിക്കാതിരിക്കണമെന്നും ഷിബു പറയുന്നു.