{"vars":{"id": "89527:4990"}}

ചിരിപ്പിച്ചും ചിന്തിപ്പിച്ചും ശ്രീനി മടങ്ങി; അരനൂറ്റാണ്ടോളം നീണ്ട സിനിമാ ജീവിതം
 

 

മലയാള സിനിമയിൽ ശ്രീനിവാസന് പകരം ശ്രീനിവാസൻ മാത്രമായിരുന്നു. മറ്റാർക്കും അദ്ദേഹത്തിന്റെ സ്‌പേസിലേക്ക് കടന്നു ചെല്ലാൻ പോലുമാകില്ല. അര നൂറ്റാണ്ടോളം നീണ്ട സിനിമ ജീവിതത്തിൽ മലയാളികളെ ഒരേപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മറ്റൊരു കലാപ്രതിഭയുണ്ടോയെന്ന് സംശയമാണ്. സാധാരണക്കാരന്റെ ജീവിതവും അവന്റെ പ്രാരാബ്ധവും പ്രശ്‌നങ്ങളുമെല്ലാം നർമത്തിൽ പൊതിഞ്ഞ് കാണികളിലേക്ക് എത്തിക്കാൻ ശ്രീനിവാസനോളം മിടുക്ക് മറ്റാർക്കുമുണ്ടായിരുന്നില്ല

മലയാളി പ്രേക്ഷകന്റെ കണ്ണാടിയായിരുന്നു ശ്രീനിവാസൻ. സൗന്ദര്യവും ശക്തിയുമല്ല നായകന്റെ കരുത്തെന്ന് ബോധ്യപ്പെടുത്തി തന്നെ എണ്ണമറ്റ ചിത്രങ്ങൾ. ഹാസ്യത്തിനേക്കാളുപരി ആക്ഷേപഹാസ്യവും ആത്മപരിഹാസവും സാമൂഹ്യ വിമർശനവും നിറച്ച കഥാപാത്രങ്ങൾ. സിനിമക്ക് പുതിയ ഭാഷ നിർമിച്ചയാളാണ് ശ്രീനിവാസൻ. 

ദീർഘനാളായി തൃപ്പുണിത്തുറ ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് തൃപ്പുണിത്തുറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെയോടെ മരണം സംഭവിച്ചു. 69ാം വയസിലാണ് അദ്ദേഹത്തിന്റെ വിയോഗം. 1956 ഏപ്രിൽ 4ന് കൂത്തുപറമ്പ് പാട്യത്ത് ജനനം. 1976ൽ പിഎ ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. തുടക്ക കാലത്ത് ഡബ്ബിംഗ് ആർട്ടിസ്റ്റായിട്ടും തിളങ്ങി. 

1984ൽ ഓടരുതമ്മവാ ആളറിയാം എന്ന സിനിമക്ക് കഥയെഴുതി രചനയുടെ ലോകത്തേക്ക്. പിന്നീടിങ്ങോട്ട് മലയാള സിനിമ കണ്ടത് ശ്രീനിവാസന്റെ തൂലികയിൽ നിന്ന് പിറന്ന ഇന്നും പ്രേക്ഷക മനസ്സിൽ ഇടം നേടിയ സിനിമകളും കഥാപാത്രങ്ങളുമായിരുന്നു. മോഹൻലാലിനൊപ്പം ശ്രീനി പ്രധാന വേഷത്തിലെത്തിയ ചിത്രങ്ങളെല്ലാം തീയറ്ററുകളിൽ ഹിറ്റായി മാറി. നാടോടിക്കാറ്റ്, പട്ടണ പ്രവേശം, അക്കരെ അക്കരെ അക്കരെ, വരവേൽപ്പ്, മിഥുനം, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, വെള്ളാനകളുടെ നാട് തുടങ്ങി ഉദയനാണ് താരം വരെ നീളുന്നു ആ കോമ്പിനേഷൻ

സത്യൻ അന്തിക്കാടിനും പ്രിയദർശനും വേണ്ടിയാണ് ശ്രീനിവാസൻ കൂടുതലും തിരക്കഥകൾ ഒരുക്കിയിട്ടുള്ളത്. വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങൾ ശ്രീനിവാസനിലെ സംവിധായക പ്രതിഭയെയും പ്രേക്ഷകർക്ക് പരിചിതമാക്കി. മികച്ച കഥ, മികച്ച തിരക്കഥ, മികച്ച ജനപ്രിയ ചിത്രം, മികച്ച ചിത്രം തുടങ്ങി നിരവധി സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങളും ശ്രീനിവാസനെ തേടിയെത്തി. വിമല ശ്രീനിവാസനാണ് ഭാര്യ. സിനിമ മേഖലയിൽ സജീവമായി നിൽക്കുന്ന വിനീത് ശ്രിനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് മക്കൾ