{"vars":{"id": "89527:4990"}}

എട്ട് വർഷമായി ബോളിവുഡിൽ അവസരം ഇല്ല; കഴിവില്ലാത്തവരുടെ കൈയിലാണ് ഇപ്പോൾ അധികാരം: എ.ആർ. റഹ്മാൻ

 

ബോളിവുഡിലെ അധികാരമാറ്റത്തെ തുടർന്ന് തനിക്ക് ഹിന്ദിയിൽ അവസരം ലഭിക്കുന്നില്ലെന്ന് സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ. ബിബിസി ഏഷ്യൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിലായിരുന്നു ഓസ്കർ പുരസ്കാര ജേതാവിന്‍റെ തുറന്നു പറച്ചിൽ.

സർഗശേഷിയുള്ളവരുടെ കയ്യിൽ അല്ല ഇപ്പോൾ ബോളിവുഡിന്‍റെ അധികാരമെന്നും അതിനാൽ എട്ട് വർഷമായി തനിക്ക് ഹിന്ദിയിൽ അവസരങ്ങൾ ലഭിക്കാറില്ല എന്നുമാണ് റഹ്മാൻ പറഞ്ഞത്. തമിഴിൽ നിന്ന് വന്ന ഒരാൾ എന്ന നിലയിൽ മാറ്റിനിർത്തപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ചിലപ്പോൾ എനിക്ക് ഇതേക്കുറിച്ച് അറിയാഞ്ഞിട്ടായിരിക്കും. എനിക്ക് അങ്ങനെ അനുഭവപ്പെട്ടിട്ടില്ല. പക്ഷേ കഴിഞ്ഞ എട്ട് വർഷത്തിൽ മാറ്റങ്ങളുണ്ടായി. ബോളിവുഡിൽ അധികാരമാറ്റം സംഭവിച്ചതോടെയാണ് ഇത്. ക്രിയാത്മക ശേഷി ഇല്ലാത്തവരിലേക്ക് അധികാരം എത്തി. ബുക്ക് ചെയ്യപ്പെട്ട വർക്കുകളിൽ നിന്ന് ഒഴിവാക്കപ്പെട്ടു. എന്തായാലും അത് നല്ല കാര്യമായാണ് ഞാൻ കാണുന്നത്. എന്‍റെ കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ഇതിലൂടെ സാധിച്ചു. ജോലിക്ക് വേണ്ടിയുള്ള അലച്ചിലിൽ അല്ല ഞാൻ. ജോലി അന്വേഷിച്ചുപോകേണ്ട അവസ്ഥ എനിക്കില്ല. അവസരങ്ങൾ എന്നെ തേടി വരും. - റഹ്മാൻ പറഞ്ഞു.

ബോളിവുഡിൽ നിരവധി ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടും തന്നെ പുറത്തുനിന്നുള്ള ആളായാണ് കണക്കാക്കുന്നത് എന്നാണ് റഹ്മാൻ പറയുന്നത്. റോജ, ബോംബെ, ദിൽ സേ എന്നീ സിനിമകളിൽ നിന്ന് തനിക്ക് ലഭിക്കാത്ത അംഗീകാരം സുഭാഷ് ഗായ്‌യുടെ താലിലൂടെയാണ് ലഭിച്ചത്. ഹിന്ദി പഠിക്കാൻ തന്നെ ഉപദേശിച്ചത് സുഭാഷ് ഗായ് ആയിരുന്നു. തുടർന്ന് ഹിന്ദി സിനിമഗാന ശാഖയിൽ നിറഞ്ഞു നിന്നിരുന്നു ഉറുദു പഠിക്കാൻ തീരുമാനിച്ചു. തുടർന്ന് അറബിയും പഞ്ചാബിയും പഠിച്ചെടുത്തു എന്നും റഹ്മാൻ കൂട്ടിച്ചേർത്തു.