{"vars":{"id": "89527:4990"}}

ഇന്ന് എന്തിനുമേതിനും ആളുകൾ വ്രണപ്പെടുന്ന കാലം; വെട്രിമാരൻ

 

എന്ത് പറഞ്ഞാലും ആളുകൾ വ്രണപ്പെടുന്ന കാലമായതിനാൽ, ചുറ്റും നടക്കുന്ന കാര്യങ്ങൾ വിളിച്ച് പറയാൻ എല്ലാവരും ഭയപ്പെടുന്നുവെന്ന് സംവിധായകൻ വെട്രിമാരൻ. വെട്രിമാരന്റെ നിർമ്മാണത്തിൽ ഒരുക്കിയിരിക്കുന്ന ബാഡ് ഗേൾ, മനുസി എന്നെ ചിത്രങ്ങളിലെ ചില രംഗങ്ങൾ സെൻസർ ബോർഡ് നീക്കം ചെയ്തതിനെ സംബന്ധിച്ച് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു വെട്രിമാരൻ.

“ഇന്നത്തെ ലോകത്തിൽ എല്ലാവരും സംസാരിക്കാൻ തന്നെ ഭയപ്പെടുന്നു, അത് സെൻസർഷിപ്പിനെ ഉദ്ദേശിച്ച് മാത്രമല്ല പറയുന്നത്, മനുഷ്യരെല്ലാം വളരെ പെട്ടെന്ന് വ്രണപ്പെടുന്നു. ഒരു 10 വര്ഷം മുൻപ് നമുക്ക് വളരെ ഈസിയായി നിർമ്മിക്കാൻ സാധിച്ചിരുന്നു പല സിനിമകളും ഇന്ന് ചിന്തിക്കാൻ പോലുമാവില്ല” വെട്രിമാരൻ പറയുന്നു.

ചിത്രങ്ങളിലെ രംഗങ്ങൾ മുറിച്ചു മാറ്റപ്പെടുകയും ചിത്രം മതപരവും ജാതീയവുമായ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്യുന്നുവെന്നെല്ലാമുള്ള ആരോപണങ്ങൾക്കൊടുവിൽ, താൻ സിനിമ നിർമ്മാണത്തെ ഇതോടെ പൂർണ്ണമായി അവസാനിപ്പിക്കുകയാണെന്നും വെട്രിമാരൻ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

“ഒരു സ്വകാര്യമായ സംഭാഷണങ്ങൾക്കിടയിൽ പോലും ചെറിയ കാര്യങ്ങൾ പെരുപ്പിച്ച്, അല്പം പോലും സഹന ശേഷിയില്ലാത്ത സമൂഹമായി നമ്മൾ മാറിക്കൊണ്ടിരിക്കുകയാണ്. വളരെ സ്വതന്ത്രമായ പുതുമയുള്ളൊരു പ്രമേയവുമായി ഒരു ചിത്രം കടന്നുവന്നാൽ തന്നെ ഇത്തരം മുറവിളികളും പ്രശ്ങ്ങളും ഉയർന്നുവരുന്നത് ഇപ്പോൾ സാധാരണമായിരിക്കുന്നു” വെട്രിമാരൻ പറഞ്ഞു.