ഉടലാഴത്തിലെ സ്വവർഗ്ഗാനുരാഗിയെ മറക്കില്ല ആരും; കോഴിക്കോടിന്റെ യുവകലാകാരനെ ഏറ്റെടുത്ത് ആരാധകർ

ആദിവാസി യുവാക്കൾക്കും കുട്ടികൾക്കും പ്രചോദനമാകും വിധത്തിൽ ഒരുക്കിയിരിക്കുന്നതും, ആദിവാസികൾ പ്രധാന വേഷത്തിൽ അഭിനയിച്ചിരിക്കുന്നതും ദേശീയ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രേക്ഷക/നിരൂപക പ്രശംസ പിടിച്ചു പറ്റിയതുമായ ‘ഉടലാഴം’ എന്ന സിനിമ
 

ആദിവാസി യുവാക്കൾക്കും കുട്ടികൾക്കും പ്രചോദനമാകും വിധത്തിൽ ഒരുക്കിയിരിക്കുന്നതും, ആദിവാസികൾ പ്രധാന വേഷത്തിൽ അഭിനയിച്ചിരിക്കുന്നതും ദേശീയ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രേക്ഷക/നിരൂപക പ്രശംസ പിടിച്ചു പറ്റിയതുമായ ‘ഉടലാഴം’ എന്ന സിനിമ കണ്ടവരാരും മറക്കില്ല സാദിഖ് റഹ്മാൻ എന്ന കോഴിക്കോടുകാരനെ. സ്വവർഗ്ഗാനുരാഗിയായാണ് സാദിഖ് റഹ്മാൻ ചിത്രത്തിലെത്തിയത്. തന്റെ സത്വം കണ്ടെത്താനായുള്ള നിരന്തരമായ ഓട്ടത്തിനിടയിൽ. അയാളുടെ ഏക ആശ്വാസം അയാളുടെ കാമുകനായ ഓട് കമ്പനി തൊഴിലാളി മാത്രമായിരുന്നു. മോഹൻലാൽ നായകനായ ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാർഡ് നേടിയ മണിയാണ് ഉടലാഴത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സാദിഖ് റഹ്മാൻ.

ലോഹം, പുത്തൻ പണം എന്നീ സിനിമകളിൽ ചെറിയവേഷങ്ങളിലെത്തിയ സാദിഖ് റഹ്മാന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരിക്കും ഉടലാഴം. കോഴിക്കോട് നന്മണ്ട സ്വദേശിയായ സാദിഖ് റഹ്മാൻ പുനത്തിൽ വീട്ടിൽ ഡോ. അഹമ്മദ് കോയയുടെയും എരമംഗലം അലോക്കാട്ടിൽ ഖദീജയുടേയും മകനാണ്. സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് (കണ്ണൂർ) എൽഎൽബി കഴിഞ്ഞ സാദിഖ് റഹ്മാന്റെ പ്രീ ഡിഗ്രി പഠനം ഫറൂഖ് കോളേജിലും ഡിഗ്രി മലബാർ കൃസ്ത്യൻ കോളേജിലുമായിരുന്നു.

പ്രീഡിഗ്രി കാലം കഴിഞ്ഞ മുതൽ അമേച്വർ നാടകങ്ങളിൽ അഭിനയിച്ച തുടങ്ങിയിരുന്നു സാദിഖ് റഹ്മാൻ. പിന്നീട് ബാലുശ്ശേരി കേന്ദ്രീകരിച്ച് സംസ്‌കൃതി എന്ന ഒരു അമേച്വർ നാടക സംഘം രൂപീകരിച്ചു. ഇടയിൽ ചെറിയ രാഷ്ട്രീയ പ്രവത്തനവും കോളേജിലെ ചെയർമാനും ആയി.

കോളേജുകളിലെ നാടകങ്ങളിലും സാദിഖ് റഹ്മാൻ നിറസാന്നിധ്യമായിരുന്നു. അന്നത്തെ കലാകാരന്മാരുടെ ഒരു ഹബായിരുന്നു കോഴിക്കോട് മുതലക്കുളത്ത് ഉള്ള മെയിൻ ഫ്രെയിം സ്റ്റുഡിയോ. ഇതിന്റെ ഉടമ പ്രേം രാജുമായി സാദിഖ് പരിചയത്തിലായി. അന്ന് അവിടെ സീരിയൽ, ടെലിഫിലിം ഷൂട്ടങ്ങും എഡിറ്റിഗും മറ്റുമായി വലിയ തിരക്കായിരുന്നു. ഇത് സാദിഖ് റഹ്മാന്റെ ജീവിതത്തിലൊരു വഴിത്തിരിവായിരുന്നു. ഒരുപാട് ബന്ധങ്ങൾ ഇഴവിടെ നിന്നും സാദിഖ് റഹ്മമാന്‌ ലഭിച്ചു. ഒപ്പം ചില സീരിയലുകളിലും ടെലി ഫിലിമുകളിലും വേഷങ്ങൾ ചെയ്യാനും സാധിച്ചു. അന്നു ചെയ്ത ഒരു സീരിയൽ ആയിരുന്നു പ്രശസ്ത പത്രപ്രവർത്തകൻ വിജയകുമാർ എഴുതി, മുഹമ്മദ് സംവിധാനം ചെയ്ത സുൽത്താൻ വീട്. ഒരു തലമുറയിലെ തന്നെ മഹാനടന്മാരിലൊരാളായ ഉമ്മർക്കായുടെ കുടെ അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം ഇന്നും സാദിഖ് റഹ്മാൻ ഓർക്കുന്നു.

പിന്നീട് എൽഎൽബി പഠനത്തിന് കണ്ണൂരിലേക്ക് പോയി സാദിഖ്. പഠനം കഴിഞ്ഞ് തിരിച്ചെത്തി പഴയബന്ധങ്ങളും നാടകാഭിനയവുമെല്ലാം പൊടിതട്ടിയെടുത്തു. ഇതിനിടയിൽ വിവാഹം, പിതാവിന്റെ മരണം. പതിയെ ബിസിനസിലേക്ക് നീങ്ങി സാദിഖ്. എന്നാൽ 2010-ൽ പ്രിയ സുഹൃത്ത് (ഇന്നത്തെ പ്രശസ്ത സിനിമാ മേക്കപ്പമാൻ റോഷൻ) സാദിഖിനെ വിളിച്ചു. നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിലെ സുഹൃത്തുക്കൾ ചെയ്യുന്ന ഒരു ഹിന്ദി ഷോർട്ട് ഫിലിമിലേക്ക്. ഇതോടെ വീണ്ടും മോഹങ്ങൾ പുറത്തേക്ക് ചാടി. പിന്നീട് കുറച്ചു ഷോർട്ട് ഫിലിമുകളുടേയും പരസ്യ ചിത്രങ്ങളുടേയും ഭാഗമായി സാദിഖ്.

ഇതിനിടയിലാണ് പ്രശസ്ത സംവിധായകൻ രഞ്ജിത്തിനെ പരിചയപ്പെടുന്നത്. തുടർന്നാണ് മലയാള സിനിമയിലേക്കുള്ള സാദിഖ് റഹ്മാന്റെ ചുവടുവെപ്പ്. ലോഹം, പുത്തൻ പണം എന്നീ സിനിമകളിൽ ചെറിയവേഷങ്ങളിലെത്തി. നടൻ ജോയ് മാത്യുവിലൂടെയാണ് പിന്നീട് സാദിഖ് റഹ്മാൻ ഉണ്ണികൃഷ്ണ ആവളയുടെ ‘ഉടലാഴത്തിലെത്തിയത്. അങ്കിൾ സിനിമയുടെ സംവിധായകൻ ഗിരീഷ് ദാമോദർ ആണ് ഇതിന് കാരണക്കാരനായ മറ്റൊരാൾ. ഇത് തന്റെ കരിയറിന് ഒരു ഉയർച്ച നൽകുമെന്ന് തന്നെയാണ് ഈ യുവകലാകാരന്റെ ഉറച്ച വിശ്വാസം.