{"vars":{"id": "89527:4990"}}

എന്റെ രാഷ്ട്രീയം സുതാര്യവും കളങ്കരഹിതവും; ഒരു ദുഷ്‌പേരും തന്റെ മക്കള്‍ തനിക്ക് ഉണ്ടാക്കിയിട്ടില്ല; മുഖ്യമന്ത്രി പിണറായി വിജയൻ

 

മകന് ഇ.ഡി.നോട്ടിസ് അയച്ചെന്ന വാർത്തകളോടു പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മകന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടിസ് കിട്ടിയിട്ടില്ലെന്നും ദുഷ്പേരുണ്ടാക്കുന്ന തരത്തിൽ മക്കൾ പ്രവർത്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മര്യാദയ്ക്ക് ജോലി ചെയ്തു ജീവിക്കുന്നയാളാണ് തന്റെ മകനെന്നും ക്ലിഫ് ഹൗസില്‍ എത്ര മുറിയുണ്ടെന്നു പോലും മകന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘എന്റെ രാഷ്ട്രീയ പ്രവര്‍ത്തനം സുതാര്യവും കളങ്കരഹിതവുമാണ്. കളങ്കിതനാക്കാന്‍ ശ്രമിക്കുമ്പോള്‍ ശാന്തമായി പ്രതികരിക്കുന്നത് അതുകൊണ്ടാണ്. 10 വര്‍ഷമായി ഞാന്‍ മുഖ്യമന്ത്രിയാണ്. അഭിമാനിക്കാന്‍ വകനല്‍കുന്ന ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞുവെന്നു ബോധ്യമുണ്ട്. പലയിടത്തും പദ്ധതികള്‍ക്കു കരാര്‍ ലഭിക്കാന്‍ കമ്മിഷന്‍ നല്‍കണം. എന്നാല്‍ ഇവിടെ അങ്ങനെ ഇല്ല എന്നതില്‍ അഭിമാനമുണ്ട്. ഉന്നതതലത്തിലുള്ള അഴിമതി ഇവിടെ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

‘എന്റെ പൊതുജീവിതം കളങ്കരഹിതമായി മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമത്തില്‍ കുടുംബം ശക്തമായി ഒപ്പം നിന്നിട്ടുണ്ട്. എന്റെ മക്കള്‍ രണ്ടു പേരും അതേ നിലയാണ് സ്വീകരിച്ചിട്ടുള്ളത്. എന്റെ മകനെ എത്ര പേര്‍ കണ്ടിട്ടുണ്ടെന്ന് എനിക്കറിയില്ല. അധികാരത്തിന്റെ ഇടനാഴികളില്‍ എത്രയെത്ര മുഖ്യമന്ത്രിമാരുടെ മക്കളെ നിങ്ങള്‍ കണ്ടിട്ടുണ്ട്. ക്ലിഫ് ഹൗസില്‍ എത്ര മുറിയുണ്ടെന്നു പോലും എന്റെ മകന് അറിയില്ല. അതാണ് എന്റെ മകന്റെ പ്രത്യേകത. ദുഷ്‌പേര് എനിക്കുണ്ടാകുന്ന തരത്തില്‍ എന്റെ മക്കള്‍ പ്രവര്‍ത്തിച്ചിട്ടില്ല.

മകള്‍ക്കു നേരെ പലതും ഉയര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ അതിനെ ചിരിച്ചുകൊണ്ടു നേരിട്ടില്ലേ? അത് ഏശുന്നില്ലെന്ന് അറിഞ്ഞപ്പോള്‍ മര്യാദയ്ക്ക് ജോലി ചെയ്യുന്ന ഒരാളെ, പിണറായി വിജയന് ഇങ്ങനെ ഒരു മകനുണ്ടെന്നു ചിത്രീകരിച്ച് വിവാദത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയാണ്. അത് എന്നെ ബാധിക്കില്ല. ആ ചെറുപ്പക്കാരന്‍ മര്യാദയ്ക്കുള്ള ജോലിയിലാണ് പ്രവര്‍ത്തിക്കുന്നത്. ജോലിയും വീടും മാത്രമാണ് അയാളുടെ ജീവിതം. മക്കള്‍ ദുഷ്‌പേരുണ്ടാക്കുന്ന അനുഭവം പലര്‍ക്കുമുണ്ട്. എന്നാല്‍ എനിക്ക് അങ്ങനെ ഉണ്ടായിട്ടില്ല. എനിക്കതില്‍ അഭിമാനമുണ്ട്’ മുഖ്യമന്ത്രി പറഞ്ഞു.