ബഹാവൽപൂരിലെ ആക്രമണത്തിൽ മസൂദ് അസറിന്റെ 10 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
May 7, 2025, 12:27 IST
ഓപറേഷൻ സിന്ദൂറിൽ ബഹവൽപൂരിൽ നടത്തിയ ആക്രമണത്തിൽ ജെയ്ഷെ മുഹമ്മദ് സ്ഥാപകൻ മൗലാന മസൂദ് അസറിന്റെ കുടുബാംഗങ്ങൾ കൊല്ലപ്പെട്ടതായി സൂചന. സഹോദരിയും സഹോദരി ഭർത്താവും ഉൾപ്പെടെ 10 പേർ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം. പാകിസ്താനിലെ പന്ത്രണ്ടാമത്തെ വലിയ നഗരവും ലാഹോറിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നതുമായ ബഹാവൽപൂർ ജെയ്ഷെ മുഹമ്മദിന്റെ കേന്ദ്രമാണ്. ബഹവൽപൂരിനുള്ളിൽ ഉസ്മാൻ-ഒ-അലി കാമ്പസ് എന്നും അറിയപ്പെടുന്ന ജാമിയ മസ്ജിദ് സുബ്ഹാൻ അല്ലാഹ് സമുച്ചയം സ്ഥിതിചെയ്യുന്നുണ്ട്. 18 ഏക്കർ വിസ്തൃതിയുള്ള ഈ കേന്ദ്രം ഇന്ത്യയുടെ ആക്രമണങ്ങളുടെ പ്രാഥമിക ലക്ഷ്യമായിരുന്നു മൗലാന മസൂദ് അസറിന്റെ ആസ്ഥാനം ഈ കേന്ദ്രത്തിലാണെന്ന് റിപ്പോർട്ടുണ്ട്. 2002 ൽ പാകിസ്താനിൽ ജെയ്ഷെ മുഹമ്മദിനെ ഔദ്യോഗികമായി നിരോധിച്ചെങ്കിലും, ഈ നിരോധനം പ്രധാനമായും കടലാസിൽ മാത്രമായിരുന്നു.