{"vars":{"id": "89527:4990"}}

ബിലാസ്പൂരിൽ പാസഞ്ചർ ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ച് 11 മരണം; നിരവധി പേർക്ക് പരുക്ക്
 

 

ഛത്തിസ്ഗഢിലെ ബിലാസ്പൂരിൽ പാസഞ്ചർ ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ച് ലോക്കോ പൈലറ്റ് ഉൾപ്പെടെ 11 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പൂർത്തിയായി. കുടുങ്ങിക്കിടന്ന എല്ലാവരെയും രക്ഷപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. 

ഗുഡ്‌സ് ട്രെയിനിലേക്ക് ഇടിച്ചു കയറി മെമു ട്രെയിനിന്റെ ബോഗികളും നീക്കി. റെയിൽവേയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് കോൺഗ്രസ് വിമർശിച്ചു. കോർബ പാസഞ്ചർ മെമു ട്രെയിൻ ഗുഡ്‌സ് ട്രെയിനിന്റെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 

കൂട്ടിയിടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്റെ മുൻവശത്തെ കോച്ച് ഗുഡ്‌സ് ട്രെയിനിന്റെ മുകളിലേക്ക് കയറി. അപായ സിഗ്നൽ കണ്ടിട്ടും മെമു യാത്ര തുടർന്നാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു

മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപയും പരുക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപയും വീതം റെയിൽവേ സഹായധനം പ്രഖ്യാപിച്ചു. ട്രെയിനിന്റെ ആദ്യ മൂന്ന് ബോഗികളിലുള്ള യാത്രക്കാർക്കാണ് പരുക്കേറ്റത്.