ഡൽഹിയിൽ പുകമഞ്ഞ് അതിരൂക്ഷം: 118 വിമാനങ്ങളും 100 ട്രെയിൻ സർവീസുകളും റദ്ദാക്കി
Dec 30, 2025, 12:28 IST
രാജ്യതലസ്ഥാനമായ ഡൽഹിയിൽ വായുമലിനീകരണവും പുകമഞ്ഞും അതിരൂക്ഷാവസ്ഥയിൽ. കനത്ത പുകമഞ്ഞിനെ തുടർന്ന് 118 വിമാനങ്ങളാണ് റദ്ദാക്കിയത്. ഡൽഹിയിൽ നിന്നുള്ള 58 വിമാനങ്ങളും ഡൽഹിയിൽ ഇറങ്ങേണ്ട 60 വിമാനങ്ങളുമാണ് റദ്ദാക്കിയത്. ഡൽഹിയിൽ നിന്നുള്ള 100 ട്രെയിൻ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്
ഡൽഹിയിലും സമീപപ്രദേശങ്ങളിലുമായി മൂടൽ മഞ്ഞ് ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ കൂടുതൽ വിമാനങ്ങൾ റദ്ദാക്കിയേക്കാമെന്ന് എയർപോർട്ട് അതോറിറ്റി അറിയിച്ചു. ഡൽഹിയിലെ വായുനിലവാര തോത് നാനൂറിന് മുകളിലാണ്. പലയിടത്തും ദൂരക്കാഴ്ച 50 മീറ്ററിൽ താഴെയായി.
വായുമലീനീകരണത്തിന് പിന്നാലെ മൂടൽമഞ്ഞും ശക്തിപ്രാപിച്ചതോടെ രാവിലെ യമുന എക്‌സ്പ്രസ് വേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി അപകടങ്ങളുണ്ടായി. നിരവധി പേർക്ക് പരുക്കേറ്റു. പുകമഞ്ഞിനെ തുടർന്ന് ഇന്നലെ 128 വിമാനങ്ങൾ റദ്ദാക്കിയിരുന്നു.