150 സർവീസുകൾ റദ്ദാക്കി, ആയിരത്തിലേറെ വിമാനങ്ങൾ വൈകി; ഇൻഡിഗോയ്‌ക്കെതിരെ അന്വേഷണം
ഇൻഡിഗോയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നിരവധി വിമാനങ്ങൾ റദ്ദാക്കിയതിന് പിന്നാലെയാണ് അന്വേഷണം. സാങ്കേതിക വിഷയങ്ങൾ കാരണമാണ് വിമാന സർവീസുകൾ റദ്ദാക്കിയതെന്നാണ് കമ്പനി വിശദീകരണം. എന്നാൽ ജീവനക്കാരുടെ കുറവ് കാരണമെന്നാണ് അനൗദ്യോഗിക വിവരം
ചെക്ക് ഇൻ സോഫ്റ്റ് വെയർ തകരാർ എയർ ഇന്ത്യ വിമാന സർവീസുകളെ ബാധിച്ചെന്ന വിവരവും വരുന്നുണ്ട്. 150 വിമാന സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. ആയിരത്തിലേറെ വിമാനങ്ങൾ വൈകി. സർവീസ് റദ്ദാക്കുന്നതും വൈകുന്നതും കുറയ്ക്കാനുള്ള നടപടികൾ എയർലൈനുമായി ചേർന്ന് ഡിജിസിഎ വിലയിരുത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു
സാങ്കേതിക തകരാർ, ശൈത്യകാലാവസ്ഥയുമായി ബന്ധപ്പെട്ട ഷെഡ്യൂൾ മാറ്റം, പ്രതികൂല കാലാവസ്ഥ, യാത്രക്കാരുടെ തിരക്ക് തുടങ്ങി ഒട്ടേറെ അപ്രതീക്ഷിത കാരണങ്ങൾ കൊണ്ടാണ് വിമാനങ്ങൾ വൈകുന്നതെന്നാണ് ഇൻഡിഗോ അറിയിച്ചത്.
ഇൻഡിഗോയുടെ മാലി-കൊച്ചി, ബംഗളൂരു-കൊച്ചി, ചെന്നൈ-കൊച്ചി, ഹൈദരാബാദ്-കൊച്ചി, അഹമ്മദാബാദ്-കൊച്ചി, ഡൽഹി-കൊച്ചി തുടങ്ങിയ സർവീസുകളും തിരിച്ചുള്ള വിമാനങ്ങളും മണിക്കൂറുകളോളം വൈകി. വാരണാസി-കൊച്ചി, ഹൈദരാബാദ്-കൊച്ചി, ലക്‌നൗ-കൊച്ചി സർവീസുകൾ റദ്ദാക്കി. മുംബൈയിൽ 32 സർവീസുകളും ബംഗളൂരുവിൽ 20 സർവീസുകളും റദ്ദാക്കി.