2020ല്‍ എണ്ണായിരത്തിലേറെ പേര്‍ക്ക് റെയില്‍വേ ട്രാക്കുകളില്‍ ജീവന്‍ നഷ്ടമായി

2020ൽ റെയിൽവേ ട്രാക്കിൽ ജീവൻ നഷ്ടമായത് എണ്ണായിരത്തിലേറെ പേർക്ക്. അഭയാർഥി തൊഴിലാളികളാണ് ജീവൻ പൊലിഞ്ഞവരിൽ അധികവും. കോവിഡ് ലോക്ക്ഡൗൺ മൂലം ട്രെയിൻ സർവീസ് ഭീമമായി വെട്ടിക്കുറച്ചെങ്കിലും റെയിൽവേ
 

2020ൽ റെയിൽവേ ട്രാക്കിൽ ജീവൻ നഷ്ടമായത് എണ്ണായിരത്തിലേറെ പേർക്ക്. അഭയാർഥി തൊഴിലാളികളാണ് ജീവൻ പൊലിഞ്ഞവരിൽ അധികവും. കോവിഡ് ലോക്ക്ഡൗൺ മൂലം ട്രെയിൻ സർവീസ് ഭീമമായി വെട്ടിക്കുറച്ചെങ്കിലും റെയിൽവേ ബോർഡ് പുറത്ത് വിട്ട കണക്കിൽ മരണസംഖ്യ എണ്ണായിരം കവിയുകയായിരുന്നു.

8,733 പേർക്ക് കഴിഞ്ഞ വര്‍ഷം ജീവൻ നഷ്ടമായപ്പോൾ, 805 പേർക്ക് പരിക്കേറ്റു. 2020 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ റെയിൽവേ ട്രാക്കുകളി‍ൽ മരിച്ചവരുടെ കണക്കാണ് പുറത്ത് വിട്ടത്. മധ്യപ്രദേശിൽ നിന്നുള്ള മനുഷ്യാവകാശ പ്രവർത്തകൻ ചന്ദ്രശേഖർ ​ഗൗർ സമർപ്പിച്ച ആർ.ടി.ഐക്ക് മറുപടിയായാണ് കണക്ക് പുറത്ത് വിട്ടത്.

മരിച്ചവരിൽ അധികവും നാട്ടിലേക്ക് തിരികെ പോവുകയായിരുന്ന അഭയാർഥി തൊഴിലാളികളാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റോഡ് മാർ​ഗം നടന്ന് പോകുന്നതിനേക്കാൾ റെയിൽവേ ട്രാക്കുകൾ ദൂരം കുറവാണെന്ന് ധാരണയിലാണ് അധികം പേരും റെയിൽ പാത തെരഞ്ഞെടുത്തത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷം നടന്ന് പോകുന്നതിനിടെ പൊലീസ് നടപടികളിൽ നിന്ന് രക്ഷപ്പെടുന്നതിനും റെയിൽവേ ട്രാക്കുകൾ തെരഞ്ഞെടുക്കുന്നതിന് കാരണമായി. എന്നാൽ കഴിഞ്ഞ നാല് വർഷത്തേതിനേക്കാൾ കുറവ് മരണ നിരക്കാണ് 2020 വർഷം റിപ്പോർട്ട് ചെയ്തത്.