{"vars":{"id": "89527:4990"}}

ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം: 3 ഇന്ത്യക്കാരെ കാണാതായി, 21 പേരെ രക്ഷപ്പെടുത്തി; ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

 

ന്യൂഡൽഹി: ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ ജീവനക്കാരെ കാണാതായതായി വിദേശകാര്യ മന്ത്രാലയം (MEA) അറിയിച്ചു. കപ്പലിലുണ്ടായിരുന്ന മറ്റ് 21 ഇന്ത്യൻ ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തെ ഇന്ത്യ ശക്തമായ ഭാഷയിൽ അപലപിച്ചു.

Our statement on the attack on a commercial vessel off the coast of Oman ⬇️https://t.co/w405oJsHmZ pic.twitter.com/m0U3U81hQn

— Randhir Jaiswal (@MEAIndia) June 10, 2026


​ഒമാൻ തീരത്തെ സോഹാർ തുറമുഖത്തിന് 20 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായി 'സെറ്റബെല്ലോ' (Settebello) എന്ന വാണിജ്യ കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. പലാവു (Palau) പതാക ഘടിപ്പിച്ച കെമിക്കൽ/ഓയിൽ പ്രൊഡക്ട്സ് ടാങ്കറായ ഈ കപ്പലിന് നേരെ ആക്രമണമുണ്ടായതിനെ തുടർന്ന് ഇതിന്റെ എൻജിൻ റൂമിൽ തീപിടിത്തമുണ്ടായതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് ഏജൻസി വ്യക്തമാക്കി.

​ആക്രമണത്തെ തുടർന്ന് ഒമാൻ അധികൃതരുമായി സഹകരിച്ച് കാണാതായ ഇന്ത്യൻ ജീവനക്കാർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനവും ഊർജ്ജിതമായി പുരോഗമിക്കുകയാണ്. ഒമാനിലെ ഇന്ത്യൻ എംബസി സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഒമാൻ അധികൃതരുമായി നിരന്തരം ഏകോപനം നടത്തുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.