6 മണിക്കൂറില്‍ 600 കിലോമീറ്റര്‍; 12 ജില്ലകളിലൂടെ യാത്ര: ഗംഗ എക്സ്പ്രസ് വേ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു
ഉത്തര്‍പ്രദേശിലെ ഏറ്റവും ദൈര്‍ഘ്യമേറിയ എക്‌സ്പ്രസ് വേയും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗ്രീന്‍ഫീല്‍ഡ് റോഡ് പദ്ധതികളിലൊന്നുമായ ഗംഗ എക്സ്പ്രസ് വേ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു. ബംഗാളിൽ ആളുകൾ ഭയമില്ലാതെ വോട്ട് ചെയ്യുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ശക്തമായ പോളിംഗ് നടക്കുന്നു. ബംഗാളിൽ ബിജെപി തൂത്തുവാരാൻ പോവുകയാണ്. ഗംഗ എക്സ്പ്രസ് വേ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 60 വർഷത്തിനിടയിൽ ആദ്യമായാണ് ബംഗാളിലെ ജനം ഭയമില്ലാതെ വോട്ട് ചെയ്യുന്നത് എന്നും മോദി വ്യക്തമാക്കി.
ഉത്തർപ്രദേശിലെ ഏറ്റവും വലിയ ആറുവരിപാതയാണ് ഗംഗ എക്സ്പ്രസ് വേ.12 ജില്ലകളിലൂടെയാണ് പാത കടന്നുപോകുന്നത്. മീററ്റിൽ നിന്ന് പ്രയാഗ് രാജിലേക്കുള്ള യാത്ര ദൈർഘ്യം 11 മണിക്കൂറിൽ നിന്ന് 6 മണിക്കൂറിലേക്ക് ചുരുങ്ങുന്നു. മീററ്റിനെ പ്രയാഗ് രാജുമായി ബന്ധിപ്പിക്കുന്ന എക്‌സ്പ്രസ് വേ യാഥാര്‍ഥ്യമായതോടെ ആറന്നൂറ് കിലോമീറ്റര്‍ പിന്നീടാനുള്ള യാത്രാ സമയം ആറ് മണിക്കൂറാകും. 594 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എക്‌സ്പ്രസ് വേയുടെ ചെലവ് 36,230 കോടി രൂപയാണ്.
സംസ്ഥാനത്തെ പ്രധാനപ്പെട്ട നഗരങ്ങളെ ബന്ധിപ്പിക്കുന്നു എക്‌സ്പ്രസ് വേ ആറ് വരിപ്പാതയാണ്. ഭാവിയില്‍ എട്ടുവരിപ്പാതയാകുന്ന രീതിയിലാണ് ഡിസൈന്‍. പരമാവധി വേഗത മണിക്കൂറില്‍ 120 കിലോമീറ്ററാണ്. റെക്കോര്‍ഡ് വേഗത്തിലാണ് പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയായത്.
12 ജില്ലകളിലൂടെ കടന്നുപോയി മീററ്റിനെ പ്രയാഗ്രാജുമായി ബന്ധിപ്പിക്കുന്നതാണ് ഈ എക്‌സ്പ്രസ് വേ. മീററ്റ്, ഹാപ്പൂര്‍, ബുലന്ദ്ഷഹര്‍, അംറോഹ, സംഭാല്‍, ബദായൂന്‍, ഷാജഹാന്‍പൂര്‍, ഹര്‍ദോയ്, ഉന്നാവോ, റായ്ബറേലി, പ്രതാപ്ഗഡ്, പ്രയാഗ്രാജ് എന്നീ ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്.
റോഡിനോട് ചേര്‍ന്ന് 12 സംയോജിത മാനുഫാക്ചറിംഗ് ആന്‍ഡ് ലോജിസ്റ്റിക്‌സ് ക്ലസ്റ്ററുകള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്. ഇതിനായി ഏകദേശം 6,507 ഏക്കര്‍ ഭൂമി ഇതിനകം കണ്ടെത്തിക്കഴിഞ്ഞു. ഏകദേശം 47,000 കോടി രൂപയുടെ നിക്ഷേപത്തിനായി 987 നിര്‍ദ്ദേശങ്ങള്‍ ഇതിനകം ലഭിച്ചതായി അധികൃതര്‍ അറിയിച്ചു.