{"vars":{"id": "89527:4990"}}

ഇൻഡോറിൽ മലിനജലം കുടിച്ച് 9 പേർ മരിച്ച സംഭവം; ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
 

 

മധ്യപ്രദേശ് ഇൻഡോറിൽ മലിനജലം കുടിച്ച് നവജാത ശിശു ഉൾപ്പെടെ മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. കുടിവെള്ളം മലിനമായിരുന്നു ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. കുടിവെള്ളം ഉപയോഗിച്ചുണ്ടായ ദുരന്തത്തിൽ മധ്യപ്രദേശ് ഹൈക്കോടതിയിലും ഹർജി എത്തിയിട്ടുണ്ട്

മധ്യപ്രദേശ് ഇൻഡോറിലെ ഭഗീരത്പുരയിൽ മലിനമായ കുടിവെള്ളം ഉപയോഗിച്ച് നവജാതശിശു അടക്കം ഒൻപത് പേർ മരിച്ചു എന്നാണ് പ്രാദേശിക ഭരണകൂടത്തിന്റെ കണക്ക്. മരണസംഖ്യ സംബന്ധിച്ച് ഇപ്പോഴും തർക്കം തുടരുകയാണ് സ്ഥലം സന്ദർശിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് നാല് പേരാണ് മരിച്ചത് എന്ന് വ്യക്തമാക്കി. മണിക്കൂറുകൾക്കകം, ഇൻഡോർ മേയർ പുഷ്യമിത്ര ഭാർഗവ ഏഴ് മരണങ്ങൾ സ്ഥിരീകരിച്ചു.

അതേസമയം 6 മാസം പ്രായമുള്ള കുഞ്ഞടക്കം 13 പേർ മരിച്ചതായാണ് പ്രദേശവാസികൾ പറയുന്നത്. 120 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. 1400ലധികം പേർക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതായാണ് വിവരം. നഗരത്തിലെ പ്രധാന ജലവിതരണ പൈപ്പിലുണ്ടായ ചോർച്ചയിലൂടെ മലിന ജലം കുടിവെള്ളത്തിൽ കലർന്നതാണ് പ്രശ്‌നത്തിന് ഇടയാക്കിയത്.