ഒരു ചതിയനെ ഒരിക്കലും മുഖ്യന്ത്രിയാക്കാൻ കഴിയില്ല; സച്ചിൻ പൈലറ്റിനെതിരെ ഗെഹ്ലോട്ട്
 

 

രാജസ്ഥാൻ കോൺഗ്രസിലെ ആഭ്യന്തര കലഹം കൂടുതൽ രൂക്ഷമാകുന്നു. സച്ചിൻ പൈലറ്റിനെ ചതിയൻ എന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്തുവന്നു. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ ആറ് തവണയാണ് സച്ചിൻ പൈലറ്റിനെ ഗെഹ്ലോട്ട് ചതിയൻ എന്ന് വിശേഷിപ്പിക്കുന്നത്. 

ഒരു ചതിയനെ ഒരിക്കലും മുഖ്യമന്ത്രി ആക്കാൻ കഴിയില്ല. പത്ത് എംഎൽഎമാരുടെ പിന്തുണയില്ലാത്ത സച്ചിൻ പൈലറ്റിനെ ഹൈക്കമാൻഡിന് ഒരിക്കലും മുഖ്യമന്ത്രിയാക്കാൻ കഴിയില്ല. നേതൃത്വത്തിനെതിരെ ലഹളയുണ്ടാക്കിയ ആളാണ്. പാർട്ടിയെ വഞ്ചിച്ചയാളാണ്, ചതിയനാണ് എന്നായിരുന്നു ഗെഹ്ലോട്ടിന്റെ വാക്കുകൾ. 

സ്വന്തം സർക്കാരിനെ താഴെയിറക്കാൻ ശ്രമിക്കുന്ന പാർട്ടി പ്രസിഡന്റിനെ ഇന്ത്യ ആദ്യമായി കാണുകയാകുമെന്ന് 2020ൽ സച്ചിൻ പൈലറ്റിന്റെ വിമത നീക്കത്തെ ഓർമിപ്പിച്ച് ഗെഹ്ലോട്ട് പറഞ്ഞു. ബിജെപി ഫണ്ട് ചെയ്ത ലഹളയായിരുന്നു അതെന്നും ഗോഹ്ലോട്ട് ആരോപിച്ചു. 

ലഹളയുടെ സമയത്ത് പൈലറ്റ് ഡൽഹിയിൽ വെച്ച് കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ചില എംഎൽഎമാർക്ക് അഞ്ച് കോടിയും ചിലർക്ക് 10 കോടിയും ലഭിച്ചു. ബിജെപിയുടെ ഡൽഹി ഓഫീസിൽ നിന്നാണ് പണം നൽകിയതെന്നും ഗെഹ്ലോട്ട് ആരോപിച്ചു.