ഡോക്യുമെന്ററി പ്രദർശനത്തെ ചൊല്ലി ജെഎൻയുവിൽ സംഘർഷം; വിദ്യാർഥികൾക്ക് നേരെ കല്ലേറ്
 

 

ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനത്തെ ചൊല്ലി ഡൽഹി ജെഎൻയു ക്യാമ്പസിലുണ്ടായ സംഘർഷം അവസാനിച്ചു. ക്യാമ്പസിൽ വിച്ഛേദിച്ച വൈദ്യുതി മൂന്നര മണിക്കൂറിന് ശേഷം പുനഃസ്ഥാപിച്ചു. ജെഎൻയു വിദ്യാർഥികളെ അധികൃതർ എറിഞ്ഞു കൊല്ലാൻ നോക്കിയെന്ന് വിദ്യാർഥികൾ ആരോപിച്ചു. 

വിഷയത്തിൽ അധികൃതർ മറുപടി നൽകണം. കുറ്റക്കാർക്കെതിരെ നടപടി വേണം. ക്യാമ്പസിനുള്ളിൽ പോലും വിദ്യാർഥികൾ സുരക്ഷിതരല്ലെന്നും ഇവർ ആരോപിച്ചു. ക്യാമ്പസിന് പുറത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ലാപ് ടോപ്പിലും മൊബൈൽ ഫോണുകളിലുമായി കൂട്ടം കൂടിയിരുന്ന് ഡോക്യുമെന്ററി കണ്ട വിദ്യാർഥികൾക്ക് നേരെ എബിവിപി പ്രവർത്തകർ കല്ലെറിയുകയായിരുന്നു. 

ഇന്നലെ രാത്രി ഒമ്പത് മണിയോടെ ഡോക്യുമെന്ററിയുടെ പ്രദർശനം ക്യാമ്പസിൽ നിശ്ചയിച്ചിരുന്നു. എന്നാൽ എട്ടരയോടെ ക്യാമ്പസിലെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. ഇതോടെയാണ് ലാപ്‌ടോപ്പിലും മൊബൈൽ ഫോണുകളിലുമായി വിദ്യാർഥികൾ ഒന്നിച്ചിരുന്ന് ഡോക്യുമെന്ററി കാണാൻ ആരംഭിച്ചത്. ഇതിനിടെ എബിവിപിക്കാർ കല്ലെറിയുകയായിരുന്നു.