ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന; ഹർജികളിൽ കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് കെഎം ജോസഫ് പിൻമാറി
 

 

ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചനയിൽ പ്രതികളായവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരായ ഹർജികളിൽ വാദം കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് കെഎം ജോസഫ് പിൻമാറി. താൻ അംഗമല്ലാത്ത ബെഞ്ചിന് മുന്നിൽ ഹർജികൾ ലിസ്റ്റ് ചെയ്യാൻ ചീഫ് ജസ്റ്റിസിനോട് അദ്ദേഹം ആവശ്യപ്പെട്ടു. ജസ്റ്റിസ് എ എം ഖാൻവിൽകർ അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചിരുന്നത്. അദ്ദേഹം വിരമിച്ച സാഹചര്യത്തിലാണ് ജസ്റ്റിസ് കെ എം ജോസഫ് അംഗമായ ബെഞ്ചിലേക്ക് ഹർജികൾ എത്തിയത്

ഇന്റലിജൻസ് ബ്യൂറോ മുൻ ഡെപ്യൂട്ടി ഡയറക്ടർ ആർ ബി ശ്രീകുമാർ, മുൻ ഡിജിപി സിബി മാത്യൂസ്, എസ് വിജയൻ, തമ്പി എസ് ദുർഗാദത്ത്, പി എസ് ജയപ്രകാശ് എന്നിവരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്

ചാരക്കേസുമായി ബന്ധപ്പെട്ട ഹർജികളിൽ ഒന്ന് ജസ്റ്റിസ് കെ എം ജോസഫ് ഹൈക്കോടതി ജഡ്ജി ആയിരുന്നപ്പോൾ പരിഗണിച്ചിരുന്നു. ഇതാണ് അദ്ദേഹം ഹർജികൾ പരിഗണിക്കുന്നതിൽ നിന്ന് പിൻമാറിയതെന്നാണ് സൂചന.