അത് പാർട്ടിയുടെ വീക്ഷണമല്ല; സർജിക്കൽ സ്‌ട്രൈക്കിന് തെളിവ് ചോദിച്ച ദിഗ് വിജയ് സിംഗിനെ തള്ളി രാഹുൽ
 

 

യഥാർഥ നിയന്ത്രണ രേഖ മറികടന്ന് 2016ൽ ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തിന് തെളിവ് ആവശ്യപ്പെട്ട കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിനെ തള്ളി രാഹുൽ ഗാന്ധി. ദിഗ് വിജയ് സിംഗിന്റെ പ്രസ്താവനയോടെ യോജിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സൈന്യത്തിന് ഒന്നും തെളിയിക്കേണ്ട കാര്യമില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു

ദിഗ് വിജയ് സിംഗിന്റേത് വ്യക്തിപരമായ വീക്ഷണമാണ്. അത് പാർട്ടിയുടേതല്ല. സായുധ സേനകൾ അവരുടെ ജോലി മികച്ച രീതിയിൽ ചെയ്യുന്നുണ്ട്. അതിന് തെളിവ് നൽകേണ്ട കാര്യമില്ലെന്ന് ഞങ്ങൾക്ക് വ്യക്തമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ജമ്മു കാശ്മീരിൽ തുടരുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മിന്നലാക്രമണം നടത്തിയതിന് ഒരു തെളിവുമില്ലെന്നും കള്ളങ്ങൾ കൊണ്ടുനടന്ന് വിൽക്കുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്നുമായിരുന്നു ദിഗ് വിജയ് സിംഗിന്റെ പ്രസ്താവന.