മദ്ധ്യപ്രദേശിലെ യുദ്ധവിമാന അപകടം: മിറാഷിന്റെ ബ്ലാക്ക് ബോക്‌സും സുഖോയിയുടെ ഡാറ്റ റെക്കോർഡറും കണ്ടെത്തി

 

മദ്ധ്യപ്രദേശിലെ ഗ്വാളിയാറിലുണ്ടായ യുദ്ധവിമാന അപകടത്തിൽ അന്വേഷണം ആരംഭിച്ച് വ്യോമസേന. ശനിയാഴ്ച സുഖോയ് എസ്.യു-30, മിറാഷ് 2000 എന്നി യുദ്ധവിമാനങ്ങൾ തകർന്ന് വീണ് ഒരു പൈലറ്റ് വീരമൃത്യു വരിച്ചിരുന്നു. മിറാഷ് വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. സുഖോയ് വിമാനത്തിന്റെ ഡാറ്റാ റെക്കോർഡറും വ്യോമസേനയ്ക്ക് ലഭിച്ചിട്ടുണ്ട്. 

മധ്യപ്രദേശിലെ ഗ്വാളിയോർ വിമാനത്താവളത്തിൽനിന്ന് പരിശീലനത്തിനായി പറന്നുയർന്ന വിമാനങ്ങൾ മൊറേന എന്ന സ്ഥലത്താണ് തകർന്നുവീണത്. മിറാഷ് വിമാനത്തിന്റെ പൈലറ്റാണ് വീരമൃത്യു വരിച്ചത്. സുഖോയ് വിമാനത്തിൽ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാർ അപകടത്തിൽനിന്ന് രക്ഷപ്പെട്ടുവെങ്കിലും ഇരുവരും ചികിത്സയിലാണ്. 

ബ്ലാക്ക് ബോക്‌സ്, അല്ലെങ്കിൽ ഫ്‌ലൈറ്റ് ഡാറ്റ റെക്കോർഡർ, ഒരു വിമാനത്തിൽ സ്ഥാപിച്ചിട്ടുള്ള ഒരു ഇലക്ട്രോണിക് റെക്കോർഡിംഗ് ഉപകരണമാണ്, അത് ഫ്‌ലൈറ്റ് അപകടങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന് സഹായിക്കുന്നു. റഷ്യൻ രൂപകല്പന ചെയ്ത സുഖോയ്-30എംകെഐ ജെറ്റും ഫ്രഞ്ച് മിറാഷ്-2000ഉം കൂട്ടിയിടിച്ചാകാം അപകടമുണ്ടായതെന്ന സൂചനയും പുറത്തുവരുന്നുണ്ട്.