കടൽക്കൊല കേസ്: ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും നഷ്ടപരിഹാരത്തിന്
അർഹരെന്ന് സുപ്രീം കോടതി

 

ഇറ്റാലിയൻ എണ്ണക്കപ്പലായ എൻറിക്ക ലെക്‌സിയിലെ നാവികരിൽ നിന്ന് വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ച കേസിൽ സുപ്രീം കോടതിയുടെ സുപ്രധാന വിധി. ബോട്ടിലുണ്ടായിരുന്ന ഒമ്പത് മത്സ്യത്തൊഴിലാളികളും നഷ്ടപരിഹാരത്തിന് അർഹരെന്ന് സുപ്രീം കോടതി പറഞ്ഞു. ബോട്ടിലുണ്ടായിരുന്ന ഒമ്പത് പേർക്കും അഞ്ച് ലക്ഷം രൂപ വീതം നൽകാൻ ജസ്റ്റിസ് എംആർ ഷാ, എംഎം സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. 

ബോട്ട് ഉടമക്ക് നൽകുന്ന നഷ്ടപരിഹാര തുകയായ രണ്ട് കോടിയിൽ നിന്ന് ഈ തുക നൽകാനാണ് നിർദേശം. ബാക്കിയുള്ള 1.45 കോടി രുപ ഉടമക്ക് കൈമാറണം. ഒമ്പത് പേരിൽ ആത്മഹത്യ ചെയ്ത ഒരാളുമുണ്ടായിരുന്നു. ഇയാളുടെ കുടുംബത്തിന് ഈ തുക കൈമാറാനും കോടതി നിർദേശിച്ചു. മത്സ്യത്തൊഴിലാളികളിൽ മരിച്ച ജോൺസണിന്റെ വിധവക്കും തുക കൈമാറാനും കോടതി നിർദേശിച്ചു

2012ലാണ് ഇറ്റാലിൻ നാവികരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിക്കുന്നത്. മരിച്ച മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്കൊപ്പം ബോട്ടുടമക്കും രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകിയിരുന്നു. ഈ തുകയുടെ ഭാഗം തങ്ങൾക്കും അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി തൊഴിലാളികൾ കോടതിയെ സമീപിക്കുകയാിയരുന്നു.