മംഗളൂരു സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് സംഘടന; ലക്ഷ്യമിട്ടത് കദ്രി ക്ഷേത്രം
 

 

മംഗളൂരു നഗരത്തിൽ ഓട്ടോറിക്ഷയിൽ നടന്ന കുക്കർ ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് റസിസ്റ്റന്റ് കൗൺസിൽ എന്ന സംഘടന ഏറ്റെടുത്തു. കദ്രി മഞ്ജുനാഥ ക്ഷേത്രം ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനമെന്ന് കത്ത് ലഭിച്ചതായി പോലീസ് അറിയിച്ചു. ഈ സംഘടനയെ കുറിച്ച് മുമ്പ് അറിവില്ലെന്നും പോലീസ് പറഞ്ഞു. 

പോലീസ് ഉദ്യോഗസ്ഥനായ അലോക് കുമാറിനെതിരെ കത്തിൽ ഭീഷണിയുണ്ട്. കത്ത് എവിടെ നിന്നാണ് വന്നതെന്ന് വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. സംഘടനയുടെ പേര് ആദ്യം കേൾക്കുകയാണ്. കത്തിന്റെ ആധികാരികതയെ കുറിച്ച് അന്വേഷിക്കുകയാണ്. ഇംഗ്ലീഷിലുള്ള കത്തിൽ പ്രതിയായ ഷാരിക്കിന്റെ ചിത്രവും പതിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു

ആൾക്കൂട്ട കൊലപാതകങ്ങൾ വർധിക്കുകയും അടിച്ചമർത്തൽ നിയമങ്ങൾ നടപ്പാക്കുകയും ചെയ്യുന്നതിനെതിരായ തിരിച്ചടിയാണ് ഉദ്ദേശിക്കുന്നത് എന്നാണ് കത്തിൽ പറയുന്നത്. ശനിയാഴ്ച വൈകുന്നേരം കങ്കനാടിയിലാണ് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ സ്‌ഫോടനമുണ്ടായത്. വൻ സ്‌ഫോടനം ലക്ഷ്യമിട്ട് ബോംബ് കൊണ്ടുപോകവെ ഇത് അബദ്ധത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. പ്രതിയായ മുഹമ്മദ് ഷാരിക്കിനും ഓട്ടോ റിക്ഷ ഡ്രൈവർ പുരുഷോത്തക്കും സ്‌ഫോടനത്തിൽ പരുക്കേറ്റിരുന്നു.