എന്തിനാണ് അടിയന്തര പ്രാധാന്യം; അരുൺ ഗോയലിന്റെ നിയമനത്തിനെതിരെ ചോദ്യവുമായി സുപ്രീം കോടതി
 

 

തെരഞ്ഞെടുപ്പ് കമ്മീഷണറായി അരുൺ ഗോയലിനെ നിയമിച്ചതുമായി ബന്ധപ്പെട്ട ഫയലുകൾ അറ്റോർണി ജനറൽ സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന് മുമ്പാകെ വെച്ചു. നിയമനത്തിന് എന്തിനാണ് അടിയന്തര പ്രാധാന്യം നൽകിയതെന്ന് കോടതി ചോദിച്ചു. യോഗ്യതാടിസ്ഥാനത്തിൽ പരിഗണിക്കപ്പെട്ട നാല് പേരിൽ നിന്നും ഒരാളിലേക്ക് എത്തിയത് എങ്ങനെയെന്നും കോടതി ചോദ്യമുയർത്തി

എന്തിനാണ് തിടുക്കപ്പെട്ട് അരുൺ ഗോയലിന്റെ നിയമനം നടത്തിയതെന്ന് കോടതി ചോദിച്ചു. പതിനെട്ടാം തീയതി സുപ്രീം കോടതി ഹർജി പരിഗണിച്ച അന്ന് തന്നെ അരുൺ ഗോയലിന്റെ പേര് പ്രധാനമന്ത്രി നിർദേശിക്കുകയും നിയമനം നടത്തുകയും ചെയ്തു. എന്തുകൊണ്ടാണ് ഈ അടിയന്തര പ്രാധാന്യമെന്ന് ജസ്റ്റിസ് കെ എം ജോസഫ് ആരാഞ്ഞു. 

മെയ് 15നാണ് ഒഴിവ് വന്നത്. മെയ് 15 മുതൽ നവംബർ 18 വരെ നിങ്ങൾ എന്ത് ചെയ്തുവെന്ന് പറയാമോ. ഒരു ദിവസം കൊണ്ട് എന്തിനാണ് അതിവേഗത്തിൽ നിയമനം നടത്തിയതെന്ന് ജസ്റ്റിസ് അജയ് രസ്‌തോഗിയും ചോദിച്ചു. അരുൺ ഗോയൽ എന്ന വ്യക്തിക്കെതിരെ ഈ ബെഞ്ചിന് പ്രശ്‌നമൊന്നുമില്ല. എന്നാലും നിയമനത്തിന് സ്വീകരിച്ച നടപടിക്രമങ്ങൾ പരിശോധിക്കപ്പെടേണ്ടതാണെന്നും ജസ്റ്റിസ് ജോസഫ് പറഞ്ഞു.