{"vars":{"id": "89527:4990"}}

അമ്മയുടെ അവിഹിത ബന്ധം എതിർത്ത 16-കാരിയെ കാമുകൻ കൊന്ന് കാട്ടിൽ തള്ളി; നാടിനെ നടുക്കി കൊടും ക്രൂരത

 

പഞ്ചാബിലെ നവാൻഷഹറിൽ അമ്മയുടെ അവിഹിത ബന്ധത്തെ എതിർത്ത പതിനാറുകാരിക്ക് നേരിടേണ്ടി വന്നത് ക്രൂരമായ അന്ത്യം. പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി വനത്തിനുള്ളിൽ കൊണ്ടുപോയി കത്തിക്കാൻ ശ്രമിച്ച കാമുകൻ ഒടുവിൽ പോലീസിന്റെ പിടിയിലായി. നാടിനെ നടുക്കിയ ഈ ക്രൂരതയുടെ വിവരങ്ങൾ ശനിയാഴ്ചയാണ് പോലീസ് പുറത്ത് വിട്ടത്. 

പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് അമ്മ പോലീസിൽ പരാതി നൽകിയിരുന്നു. പെൺകുട്ടി വീട് വിട്ടിറങ്ങി പോകുന്നതെന്ന് കരുതുന്ന ഒരു സിസിടിവി ദൃശ്യവും ഇവർ പോലീസിന് കൈമാറിയിരുന്നു. എന്നാൽ, അന്വേഷണത്തിനിടയിൽ ഈ ദൃശ്യങ്ങളിലുള്ളത് മറ്റൊരു പെൺകുട്ടിയാണെന്ന് പോലീസ് തിരിച്ചറിയുകയും ഇത് സംശയത്തിന് ഇടയാക്കുകയും ചെയ്തു. 

തുടർന്ന് സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതിയായ ഗുർവീന്ദർ സിംഗ് ബൈക്കിന് പിന്നിൽ ഒരു സ്യൂട്ട്കേസ് കെട്ടിവെച്ച് യാത്ര ചെയ്യുന്നത് ഉദ്യോഗസ്ഥർ ശ്രദ്ധിച്ചത്. കാണാനില്ലെന്ന പരാതി നൽകാനായി പെൺകുട്ടിയുടെ അമ്മ ഉഷയ്‌ക്കൊപ്പം പോലീസ് സ്റ്റേഷനിൽ എത്തിയത് 24-കാരനായ ഈ ഗുർവീന്ദർ സിംഗായിരുന്നു. തുടർന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. 

പെൺകുട്ടിയെ വീട്ടിൽ വെച്ച് കൊലപ്പെടുത്തിയതായും മൃതദേഹം അയൽ ജില്ലയായ ഹോഷിയാർപൂരിലെ വനമേഖലയിൽ ഉപേക്ഷിച്ചതായും പ്രതി പോലീസിനോട് സമ്മതിക്കുകയായിരുന്നു. ഇയാൾ നൽകിയ വിവരം അനുസരിച്ച് പോലീസ് വനത്തിനുള്ളിൽ പരിശോധന നടത്തുകയും മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ഭാഗികമായി കരിഞ്ഞ നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തത്.

അവിഹിത ബന്ധത്തെ എതിർത്തതിൽ വിരോധം

പോലീസ് പറയുന്നത് പ്രകാരം, പ്രതിയുമായുള്ള അമ്മയുടെ ബന്ധത്തെ പെൺകുട്ടി എതിർത്തിരുന്നു. ഇതിലുള്ള പകയെ തുടർന്ന് മെയ് 29-ന് പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്ത് സിംഗ് അവളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹം പെട്ടിയിലാക്കി ബൈക്കിൽ കടത്തുകയും, തെളിവ് നശിപ്പിക്കുന്നതിനായി വനത്തിനുള്ളിൽ വെച്ച് കത്തിക്കാൻ ശ്രമിക്കുകയുമായിരുന്നു. അറസ്റ്റിലായ പ്രതിയെ തുടർനടപടികൾക്കായി നാലു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.