ഹരിയാനയിൽ യുവാക്കളെ ചുട്ടുകൊന്ന കേസ്; പോലീസിനെതിരെ അന്വേഷണത്തിന് ഉത്തരവ്
 

 

ഹരിയാനയിലെ ഭീവണ്ടിയിൽ കാലിക്കടത്ത് ആരോപിച്ച് രണ്ട് യുവാക്കളെ ചുട്ടുകൊന്ന കേസിൽ പോലീസിനെതിരെ അന്വേഷണത്തിന് ഉത്തരവ്. ഹരിയാന ജിർക്ക പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണം. കൊല്ലപ്പെടുന്നതിന് മുമ്പ് ജുനൈദിനെയും നസീറിനെയും പോലീസ് സ്‌റ്റേഷനിൽ എത്തിച്ചിരുന്നുവെന്ന പ്രതിയുടെ മൊഴിയും യുവാക്കളെ പോലീസും മർദിച്ചുവെന്ന കുടുംബാംഗങ്ങളുടെ ആരോപണവും അന്വേഷിക്കും

എഎസ്പി ഉഷ കുണ്ഡുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എല്ലാ പ്രതികളെയും പിടികൂടുന്നതുവരെ പ്രതിഷേധം തുടരുമെന്ന് ബന്ധുക്കൾ പറഞ്ഞു. അഞ്ച് പേരടങ്ങുന്ന സംഘമാണ് യുവാക്കളെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. ഇതിൽ ഒരാൾ മാത്രമാണ് ഇതുവരെ പിടിയിലായിട്ടുള്ളത്. 

ബജ്‌റംഗ് ദൾ പ്രവർത്തകരാണ് കൊലപാതകം നടത്തിയതെന്നാണ് ആരോപണം. മർദനമേറ്റ് അവശരായ യുവാക്കളെ പോലീസ് സ്‌റ്റേഷനിൽ എത്തിച്ചിരുന്നുവെന്നും എന്നാൽ ഇവരെ ആശുപത്രിയിൽ എത്തിക്കാൻ പോലീസ് തയ്യാറായില്ലെന്നും അറസ്റ്റിലായ റിങ്കു മൊഴി നൽകിയിരുന്നു. ഇതിന് ശേഷമാണ് ഇവർ മരിച്ചത്. തുടർന്ന് പെട്രോളൊഴിച്ച് കത്തിച്ചെന്നാണ് റിങ്കുവിന്റെ മൊഴി