സഖ്യകക്ഷിക്ക് സമ്മാനം; തമിഴ്‌നാട്ടിലെ ഏക രാജ്യസഭാ സീറ്റ് കോൺഗ്രസിന് വിട്ടുനൽകി മുഖ്യമന്ത്രി വിജയ്
ചെന്നൈ: തമിഴ്‌നാട്ടിൽ ഭരണം കൈയാളുന്ന തമിഴക വെട്രി കഴകം (ടി.വി.കെ) തങ്ങൾക്കൊപ്പം നിൽക്കുന്ന സഖ്യകക്ഷിയായ കോൺഗ്രസിന് രാജ്യസഭാ സീറ്റ് വിട്ടുനൽകാൻ തീരുമാനിച്ചു. സംസ്ഥാനത്തുനിന്ന് ഒഴിവുവന്ന ഏക രാജ്യസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കുമെന്ന് ടി.വി.കെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
എ.ഐ.എ.ഡി.എം.കെ നേതാവ് സി.വി ഷൺമുഖം രാജ്യസഭാ അംഗത്വം രാജിവെച്ചതിനെ തുടർന്നാണ് ഈ സീറ്റിൽ ഒഴിവുവന്നത്. ജൂൺ 18-നാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. നിയമസഭയിൽ ഭൂരിപക്ഷമുള്ള ഭരണകക്ഷിയെന്ന നിലയിൽ ടി.വി.കെയ്ക്ക് ഈ സീറ്റിൽ എളുപ്പത്തിൽ വിജയിക്കാമായിരുന്നിട്ടും, തങ്ങളെ പിന്തുണയ്ക്കുന്ന കോൺഗ്രസിന് ഇത് വിട്ടുനൽകാൻ മുഖ്യമന്ത്രി വിജയ് തയ്യാറാവുകയായിരുന്നു.
തമിഴ്‌നാട് കോൺഗ്രസിന്റെ ചുമതലയുള്ള എ.ഐ.സി.സി ഭാരവാഹി ഗിരീഷ് ചോദങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ചെന്നൈയിൽ മുഖ്യമന്ത്രി വിജയ്‌യെ നേരിട്ട് കണ്ട് രാജ്യസഭാ സീറ്റിനായി ഔദ്യോഗികമായി അഭ്യർത്ഥിച്ചിരുന്നു. പാർലമെന്റിന്റെ ഉപരിസഭയിൽ കോൺഗ്രസിന്റെ കരുത്ത് വർദ്ധിപ്പിക്കാൻ ഈ സീറ്റ് സഹായിക്കുമെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യം വിജയ് അംഗീകരിക്കുകയായിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഡി.എം.കെ സഖ്യം വിട്ട് വിജയ്‌യുടെ ടി.വി.കെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസിന് തമിഴ്‌നാട് മന്ത്രിസഭയിൽ രണ്ട് മന്ത്രിസ്ഥാനങ്ങൾ ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ ഒരു രാജ്യസഭാ സീറ്റ് കൂടി ലഭിച്ചത് തമിഴ്‌നാട് രാഷ്ട്രീയത്തിൽ കോൺഗ്രസിന് വലിയ നേട്ടമായി മാറിയിരിക്കുകയാണ്. എ.ഐ.സി.സി ഭാരവാഹി പ്രവീൺ ചക്രവർത്തി ഈ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് സൂചന.