{"vars":{"id": "89527:4990"}}

പരീക്ഷാ പരിഷ്‌കരണത്തിന് നന്ദൻ നിലേക്കനിയുടെ നേതൃത്വത്തിൽ ഉന്നതതല ടാസ്‌ക് ഫോഴ്‌സ്; പ്രഖ്യാപനവുമായി പ്രധാനമന്ത്രി

 

ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ സംവിധാനങ്ങൾ കൂടുതൽ വിശ്വസനീയവും സുതാര്യവും സാങ്കേതികവിദ്യയിലധിഷ്ഠിതവുമാക്കാൻ നിർണ്ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻഫോസിസ് സഹസ്ഥാപകനും സാങ്കേതിക വിദഗ്ധനുമായ നന്ദൻ നിലേക്കനിയുടെ അധ്യക്ഷതയിൽ പുതിയ ഉന്നതാധികാര ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് പ്രധാനമന്ത്രി ഈ സുപ്രധാന തീരുമാനം വ്യക്തമാക്കിയത്.

​ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള ക്രമക്കേടുകൾ തടയുന്നതിനും പരീക്ഷാ നടത്തിപ്പിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുന്നതിനുമായി സാങ്കേതികവിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനാണ് പുതിയ സമിതി രൂപീകരിച്ചിരിക്കുന്നത്.

​നന്ദൻ നിലേക്കനിക്ക് പുറമെ മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ്, മുൻ ഐ.ബി ഡയറക്ടർ തപൻ ഡേക്ക, ഐ.ഐ.ടി മദ്രാസ് ഡയറക്ടർ വി. കാമകോടി, മുൻ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി അനിത കർവാൾ, അമൃത് ലാൽ മീണ എന്നിവരും ആറംഗ ടാസ്‌ക് ഫോഴ്‌സിലെ മറ്റ് അംഗങ്ങളാണ്.

​വിദ്യാർത്ഥികളുടെ ഭാവി വച്ച് കളിച്ചവർക്കെതിരെ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി. ടാസ്‌ക് ഫോഴ്‌സ് സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വരാനിരിക്കുന്ന പരീക്ഷകളിൽ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കാൻ ആവശ്യമായ സമഗ്രമായ പരിഷ്കാരങ്ങൾ കേന്ദ്ര സർക്കാർ നടപ്പിലാക്കും.