വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് വിവാഹിതക്ക് പരാതിപ്പെടാനാകില്ല; നിർണായക ഉത്തരവുമായി സുപ്രീം കോടതി
ബലാത്സംഗക്കേസുകളിൽ നിർണായക ഉത്തരവുമായി സുപ്രിം കോടതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് വിവാഹിതയായ ഒരു സ്ത്രീയ്ക്ക് പരാതിപ്പെടാനാകില്ലെന്നാണ് സുപ്രിം കോടതിയുടെ ഉത്തരവ്. യഥാർഥ ബലാത്സംഗക്കേസുകൾ വിചാരണക്കോടതികൾ തിരിച്ചറിയുക തന്നെ വേണം. ബലാത്സംഗം തടയാനുള്ള നിയമങ്ങൾ ദുരുപയോഗം ചെയ്യരുതെന്നും സുപ്രിം കോടതി പറഞ്ഞു.
ഛത്തീസ്ഗഡിലെ ഒരു അഭിഭാഷകനെതിരെ ഒരു വനിതാ അഭിഭാഷക നൽകിയ ബലാത്സംഗ പരാതിയിലാണ് സുപ്രിം കോടതിയുടെ സുപ്രധാന ഉത്തരവ്. വിവാഹിതയായ സ്ത്രീ തന്നെ ഒരാൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് പരാതിപ്പെട്ടാലും കേസ് നിലനിൽക്കില്ലെന്ന് സുപ്രിം കോടതി പറഞ്ഞു. ജസ്റ്റിസ് ബി വി നാഗരത്ന, ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ചിന്റേതാണ് സുപ്രധാന നിരീക്ഷണങ്ങൾ.
വിവാഹം വാഗ്ദാനം ചെയ്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന എല്ലാ സംഭവങ്ങളേയും വിവാഹ വാഗ്ദാനം ചെയ്തുള്ള പീഡനങ്ങളായി കണക്കാക്കാനാകില്ലെന്ന് സുപ്രിം കോടതി വിശദീകരിക്കുന്നു. പ്രതി ലൈംഗിക ബന്ധത്തിന് സമ്മതം നേടുക എന്ന ഉദ്ദേശത്തോടെ മാത്രം വിവാഹ വാഗ്ദാനം നൽകുകയും തുടക്കം മുതൽ വാഗ്ദാനം നിറവേറ്റാൻ യാതൊരു ഉദ്ദേശവുമില്ലെന്ന് ബോധ്യപ്പെടുകയും ചെയ്യുമ്പോഴാണ് ഐപിസി സെക്ഷൻ 375 പ്രകാരമുള്ള കേസ് നിലനിൽക്കുകയെന്ന് ബെഞ്ച് നിരീക്ഷിച്ചു. കേസിലെ പരാതിക്കാരി വിവാഹിതയാണ്. അതിനാൽ പ്രതിക്കെതിരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന കേസ് റദ്ദാക്കുക്കയാണെന്നും കോടതി വ്യക്തമാക്കി