{"vars":{"id": "89527:4990"}}

ക്രിക്കറ്റ് ആവേശത്തിന് പുതിയ ഇടം; മുംബൈയിൽ ഒരു ലക്ഷം സീറ്റുകളുള്ള പുതിയ സ്റ്റേഡിയം നിർമ്മിക്കാൻ ഒരുങ്ങി എം.സി.എ

 

മുംബൈയിൽ ഒരു ലക്ഷം കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാൻ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (MCA) പദ്ധതിയിടുന്നു. താനെ ജില്ലയിലോ മുംബൈ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലോ ഇതിനായി 50 ഏക്കർ ഭൂമി കണ്ടെത്താനാണ് നീക്കം. നിലവിൽ മുംബൈയിലുള്ള വാങ്കഡെ സ്റ്റേഡിയത്തിലെ പരിമിതമായ സീറ്റിംഗ് കപ്പാസിറ്റി (33,000) കണക്കിലെടുത്താണ് പുതിയ വമ്പൻ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.

​അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റേഡിയമായിരിക്കും ഇത്. ഐപിഎൽ ഫൈനലുകൾ, ഏകദിന ലോകകപ്പ് മത്സരങ്ങൾ തുടങ്ങിയ വലിയ കായിക മാമാങ്കങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ ലക്ഷ്യമിട്ടാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ നിർമ്മാണം. ഇതിനായുള്ള ഭൂമി വിട്ടുനൽകാൻ എം.സി.എ മഹാരാഷ്ട്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാങ്കഡെ സ്റ്റേഡിയത്തിന് പുറമെ ബ്രാബോൺ സ്റ്റേഡിയം, ഡി.വൈ പാട്ടീൽ സ്റ്റേഡിയം എന്നിവ നിലവിൽ മുംബൈയിലുണ്ടെങ്കിലും സ്വന്തമായി കൂടുതൽ വലിയ സ്റ്റേഡിയം വേണമെന്നത് ക്രിക്കറ്റ് പ്രേമികളുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു.