വൈദ്യുതി ലൈനിൽ കുടുങ്ങിയ പ്രാവിനെ രക്ഷിക്കുന്നതിനിടെ ഷോക്കേറ്റു; ഫയർ ഫോഴ്‌സ് അംഗം മരിച്ചു
മഹാരാഷ്ട്രയിൽ അഗ്‌നിശമന സേനാംഗം ഷോക്കേറ്റ് മരിച്ചു. ഇലക്ട്രിക് വയറിൽ കുടുങ്ങിയ പ്രാവിനെ രക്ഷിക്കുന്നതിനിടെയാണ് സംഭവം. ഉത്സവ് പാട്ടിൽ (28) ആണ് അന്തരിച്ചത്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ദിവഷിൽ റോഡിലെ ഖാർഡിഗാവിലെ സുദാമ റെസിഡൻസിക്ക് സമീപമാണ് സംഭവം.
ടോറന്റ് പവർ കമ്പനിയുടെ ഓവർഹെഡ് വയറുകളിൽ പ്രാവ് കുടുങ്ങിയതായി താനെ ഫയർ ബ്രിഗേഡിന് ഫോൺ സന്ദേശം ലഭിക്കുകയായിരുന്നു. ദിവ ബീറ്റ് ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി. രക്ഷാപ്രവർത്തനത്തിനിടെ, രണ്ട് അഗ്‌നിശമന സേനാംഗങ്ങൾ അബദ്ധത്തിൽ ഒരു ഹൈടെൻഷൻ ഇലക്ട്രിക് കേബിളിൽ സ്പർശിക്കുകയും വൈദ്യുതാഘാതമേൽക്കുകയും ചെയ്തു.
പരുക്കേറ്റ ഇവരെ ഉടനെ ആശുപത്രിയിൽ എത്തിച്ചു. ദതിവാലി സ്വദേശി ഉത്സവ് പാട്ടീൽ(28) ചികിത്സക്കിടെ മരിച്ചു. മറ്റൊരു ഉദ്യോഗസ്ഥനായ ആസാദ് പാട്ടീലിന്(29) ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇദ്ദേഹം ചികിത്സയിൽ തുടരുകയാണ്.