ചവറുകൂനയിൽ നിന്ന് കിട്ടിയത് സ്‌നൈപ്പർ റൈഫിൾസ് ടെലിസ്‌കോപ്പ്; കാശ്മീരിൽ ജാഗ്രതാ നിർദേശം
ജമ്മു കാശ്മീരിലെ എൻഐഎ ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമിത സ്‌നൈപ്പർ റൈഫിൾ ടെലിസ്‌കോപ്പ് കണ്ടെത്തി. ജമ്മുവിലെ സിദ്രയിൽ നിന്നാണ് ടെലിസ്‌കോപ്പ് കണ്ടെത്തിത്. പിന്നാലെ ജമ്മു കാശ്മീരിൽ അതീവ ജാഗ്രതാ നിർദേശം നൽകി. പോലീസും സ്‌പെഷ്യൽ ഓപറേഷൻസ് ഗ്രൂപ്പും സംഭവം അന്വേഷിക്കുന്നുണ്ടെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും അധികൃതർ വ്യക്തമാക്കി
സ്‌നൈപ്പർ കം അസോൾട്ട് റൈഫിളിൽ ഉപയോഗിക്കുന്ന ടെലിസ്‌കോപ്പാണ് കണ്ടെത്തിയത്. ഇത്തരത്തിലുള്ള കണ്ടെത്തൽ മേഖലയിൽ ആദ്യമായാണെന്ന് അധികൃതർ അറിയിച്ചു. ചവറുകൂനയിൽ നിന്ന് കണ്ടെത്തിയ സാധനവുമായി ആറ് വയസുള്ള കുട്ടി കളിക്കുന്നത് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ടെലിസ്‌കോപ്പാണെന്ന് മനസ്സിലായത്
കുട്ടിയുടെ കുടുംബമാണ് പോലീസിനെ വിവരം അറിയിച്ചത്. അതേസമയം ഫോണിൽ നിന്ന് പാക്കിസ്ഥാനി നമ്പർ കണ്ടെത്തിയതിന് പിന്നാലെ സാംബ ജില്ലയിൽ 24 വയസുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. തൻവീർ അഹമ്മദ് എന്ന 24കാരനെയാണ് കസ്റ്റഡിയിലെടുത്തത്.