അദാനി-ഹിൻഡൻബർഗ് വിവാദം; മുദ്രവെച്ച കവറിൽ കേന്ദ്രം സമർപ്പിച്ച ഹർജികൾ സ്വീകരിക്കാനാകില്ല: സുപ്രീം കോടതി

 

അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ച ആരോപണങ്ങളിൽ വാദം കേൾക്കുന്നതിനിടെ, മുദ്രവെച്ച കവറിൽ കേന്ദ്രം സമർപ്പിച്ച ഹർജികൾ സ്വീകരിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. കേസിൽ "പൂർണ്ണ സുതാര്യത" നിലനിർത്താൻ ശ്രമിക്കുന്നുവെന്നും വിദഗ്ധ സമിതിക്കായുള്ള നിർദ്ദേശവും സ്വീകരിക്കുന്നില്ലെന്നും വെള്ളിയാഴ്ച സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് പറഞ്ഞു.

നിക്ഷേപകരുടെ താൽപ്പര്യങ്ങൾക്കായി സുതാര്യത നിലനിർത്താൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് സീൽ ചെയ്ത കവറിൽ കേന്ദ്രത്തിന്റെ നിർദ്ദേശം അംഗീകരിക്കില്ലെന്ന് അറിയിച്ചത്.

"പൂർണ്ണ സുതാര്യത നിലനിർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നതിനാൽ നിങ്ങളുടെ സീൽ ചെയ്ത കവർ നിർദ്ദേശം ഞങ്ങൾ അംഗീകരിക്കില്ല,” ബെഞ്ച് പറഞ്ഞു.

കേന്ദ്രത്തിന്റെ ഇടപെടലില്ലാതെ ജഡ്ജിമാർ തന്നെ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും വാദം കേൾക്കുന്നതിനിടെ ബെഞ്ച് പറഞ്ഞു. കേന്ദ്രത്തിൽ നിന്നോ ഹരജിക്കാരിൽ നിന്നോ ഒരു നിർദ്ദേശവും സ്വീകരിക്കില്ലെന്നും കോടതി വ്യക്തമാക്കി.

"നിക്ഷേപകർക്കും പൊതുജനങ്ങൾക്കും ഇടയിൽ വിശ്വാസം ഉണ്ടാകണം,” ബെഞ്ച് ചൂണ്ടിക്കാട്ടി.