സ്‌ഫോടനത്തിന് പിന്നാലെ കാറുകൾ 150 മീറ്റർ അകലേക്ക് തെറിച്ചുവീണു; നടുങ്ങി വിറച്ച് രാജ്യതലസ്ഥാനം
രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് സ്‌ഫോടനം. ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപമുണ്ടായ സ്‌ഫോടനത്തിൽ 9 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. മരണസംഖ്യ ഉയരുമെന്നാണ് ആശങ്ക. 26 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ പലരുടെയും നില ഗുരുതരമാണ്. സംഭവത്തെ തുടർന്ന് ഡൽഹിയിൽ സുരക്ഷാ സേന അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
രണ്ട് കാറുകളാണ് പൊട്ടിത്തെറിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 6.55ഓടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ കാറുകൾ 150 മീറ്റർ അകലേക്ക് തെറിച്ചു പോയതായാണ് ദൃക്‌സാക്ഷികൾ പറയുന്നത്. 20 യൂണിറ്റ് ഫയർ എൻജിനുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്.
സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങൾ തകർന്നു. നിർത്തിയിട്ടിരുന്ന ഇക്കോ വാനിലാണ് ആദ്യം സ്‌ഫോടനമുണ്ടായത്. തൊട്ടുപിന്നാലെ മറ്റൊരു വാഹനവും പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ സമീപത്തുണ്ടായിരുന്ന വാഹനങ്ങളിലേക്ക് തീ പടർന്നു.
സ്‌ഫോടനത്തിന് പിന്നാലെ എൻഎസ്ജി, സിആർപിഎഫ്, എൻഐഎ സംഘങ്ങൾ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മുംബൈ, പൂനെ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.