റെയ്ഡിന് പിന്നാലെ സി ജെ റോയി വിഷാദത്തിന് ചികിത്സ തേടി; എസ് ഐ ടി സംഘം കൊച്ചിയിലേക്ക്
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുന്ന കർണാടക പോലീസിന്റെ എസ്‌ഐടി സംഘം കൊച്ചിയിലേക്ക്. കേരളത്തിലെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഇടപാടുകളടക്കം എസ്‌ഐടി പരിശോധിക്കും. ആദായനികുതി വകുപ്പിന്റെ റെയ്ഡിന് പിന്നാലെ ബംഗളൂരുവിലെ പ്രമുഖ ആശുപത്രിയിൽ റോയി വിഷാദത്തിന് ചികിത്സ തേടിയതിന്റെ വിവരങ്ങളും എസ്‌ഐടിക്ക് ലഭിച്ചിട്ടുണ്ട്
സാമ്പത്തിക ഇടപാടുകൾ, ആദായനികുതി വകുപ്പിന്റെ പരിശോധനയിലേക്ക് നയിച്ച കാരണങ്ങൾ എന്നിവക്ക് പുറമെ വിഷാദ രോഗത്തിന് ചികിത്സ തേടാനുള്ള കാരണങ്ങളും എസ്‌ഐടി അന്വേഷിക്കുന്നുണ്ട്. നാല് മാസത്തിലേറെയായി റോയി വിഷാദത്തിന് ചികിത്സ തേടിയെന്ന വിവരമാണ് ബന്ധുക്കൾ എസ്‌ഐടിക്ക് നൽകിയത്
ബംഗളൂരു ജയനഗർ 8 ബ്ലോക്കിലെ ആശുപത്രിയിലായിരുന്നു ചികിത്സ. അടുത്തിടെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ചില പ്രൊജക്ടുകളിൽ തിരിച്ചടി നേരിട്ടിരുന്നു. നിക്ഷേപം നടത്തിയ ചിലർ പണം തിരികെ ചോദിച്ചതും റോയിയെ പ്രതിസന്ധിയിലാക്കി. ഇക്കാര്യമെല്ലാം എസ്‌ഐടി പരിശോധിക്കും