അവർ ഹിന്ദുവോ മുസ്ലീമോ അല്ല; പങ്കാളിയെ തെരഞ്ഞെടുക്കുന്നത് മൗലികാവകാശമാണ്: അലഹബാദ് ഹൈക്കോടതി

പങ്കാളികളെ തെരഞ്ഞെടുക്കാനുള്ള അവകാശം മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് അലഹബാദ് ഹൈക്കോടതി. മുസ്ലിം യുവാവിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ നൽകിയ കേസ് തള്ളിയാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി വന്നത്. വ്യക്തിപരമായ ബന്ധത്തിൽ
 

പങ്കാളികളെ തെരഞ്ഞെടുക്കാനുള്ള അവകാശം മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് അലഹബാദ് ഹൈക്കോടതി. മുസ്ലിം യുവാവിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ നൽകിയ കേസ് തള്ളിയാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി വന്നത്.

വ്യക്തിപരമായ ബന്ധത്തിൽ ഇടപെടുന്നത് വ്യക്തികൾക്ക് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിന് നേരെയുള്ള ഗുരുതരമായ കയ്യേറ്റമാകും. പ്രിയങ്ക ഖർവാറിനെയും സലാമത്ത് അൻസാരിയെയും ഹിന്ദുവും മുസ്ലീമും ആയിട്ടല്ല ഞങ്ങൾ കാണുന്നത്. ഒരു വർഷത്തിലേറെയായി അവർ സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നു.

ഒരു വ്യക്തിയുടെ ജീവിതവും സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കാൻ കോടതികൾക്ക് ഉത്തരവാദിത്വമുണ്ടെന്നും ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി. സലാമത്ത് അൻസാരി പ്രിയങ്കയെ തട്ടിക്കൊണ്ടുപോയാണ് വിവാഹം ചെയ്തത്, മകൾ വിവാഹ സമയത്ത് പ്രായപൂർത്തിയായിട്ടില്ലായിരുന്നു എന്നു തുടങ്ങിയ ആരോപണങ്ങളാണ് മാതാപിതാക്കൾ ഉന്നയിച്ചത്

വിവാഹത്തെ യോഗി ആദിത്യനാഥ് സർക്കാരും എതിർത്തിരുന്നു. എന്നാൽ വാദങ്ങളെല്ലാം ഹൈക്കോടതി തള്ളുകയായിരുന്നു. ജസ്റ്റിസുമാരായ വിവേഗ് അഗർവാൾ, പങ്കജ് നഖ് വി എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് വിധി. രാജ്യത്ത് സംഘ്പരിവാർ ലൗ ജിഹാദ് ആരോപണം ശക്തമായി ഉന്നയിക്കുന്ന സാഹചര്യത്തിലാണ് വിധിയെന്നത് ശ്രദ്ധേയമാണ്.