സിജെപി സമരവേദിയിൽ വാക്കേറ്റം; സുപ്രിംകോടതി അഭിഭാഷകരും പൊലീസ് ഫോട്ടോഗ്രാഫർമാരും തമ്മിൽ കോർത്തു
ന്യൂഡൽഹി: ജന്തർമന്തറിലെ സിജെപി (കോക്രോച്ച് ജനത പാർട്ടി) സമരവേദിയിൽ സുപ്രിംകോടതി അഭിഭാഷകരും പൊലീസ് ഫോട്ടോഗ്രാഫർമാരും തമ്മിൽ വാക്കേറ്റം. തങ്ങളുടെ അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തരുതെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമായത്. എന്നാൽ ദൃശ്യങ്ങൾ പകർത്തുന്നത് തങ്ങളുടെ ഔദ്യോഗിക ജോലിയാണെന്ന് പൊലീസിന്റെ ഫോട്ടോഗ്രാഫർമാർ നിലപാടെടുത്തതോടെ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു.
കോക്രോച്ച് ജനത പാർട്ടി നടത്തുന്ന സമരം 26-ാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് അഡ്വ. പി.വി. ദിനേശിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം സുപ്രിംകോടതി അഭിഭാഷകർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജന്തർമന്തറിലെ സമരവേദിയിൽ എത്തിയത്.
അതേസമയം, സമരവേദിയിൽ 16 ദിവസമായി നിരാഹാര സമരം അനുഷ്ഠിക്കുന്ന സോനം വാങ്ചുക്കിന്റെയും മറ്റ് വിദ്യാർത്ഥികളുടെയും ആരോഗ്യനില അതീവ വശളായി തുടരുകയാണ്. പാർലമെന്റ് സമ്മേളനം ആരംഭിക്കുന്ന ജൂലൈ 20-ന് ശക്തമായ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് സിജെപി ഭാരവാഹികൾ അറിയിച്ചു.